അബുദാബി: യുഎഇയില്‍, ജനങ്ങളുടെ ഭക്ഷണത്തിലെ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP). പ്രതിദിനം അഞ്ച് ഗ്രാമില്‍ താഴെ മാത്രമേ ഭക്ഷണത്തില്‍ ഉപ്പ് ഉപയോഗിക്കാവൂവെന്ന് ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഭക്ഷണത്തിലെ അമിതമായ ഉപ്പിന്റെ ഉപയോഗം അപകടകരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അതോറിറ്റി അറിയിച്ചു.
അമിതമായ ഉപ്പ് ഉപഭോഗത്തിന്റെ അപകടങ്ങളില്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കുക ലക്ഷ്യമിട്ടാണ് ഏഴ് ദിവസത്തെ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഉപ്പിന്റെ ഉള്ളടക്ക ലേബലുകള്‍ മനസ്സിലാക്കി ആരോഗ്യകരമായ ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതും കാമ്പയിന്‍ ലക്ഷ്യമിടുന്നു.
പല ഭക്ഷ്യ ഉല്‍പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ഒളിഞ്ഞിരിക്കുന്ന ലവണങ്ങളുടെ അപകടങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, രക്തചംക്രമണ പ്രശ്‌നങ്ങള്‍, പക്ഷാഘാതം തുടങ്ങിയ അമിതമായ ഉപ്പ് കഴിക്കുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ഇത് ഊന്നിപ്പറയുന്നു, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുന്നതിന്റെ പ്രാധാന്യവും മന്ത്രാലയം കാമ്പയിനില്‍ വ്യക്തമാക്കുന്നു.
ഭക്ഷണത്തിലെ അമിതമായ സോഡിയത്തിന്റെ ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമായേക്കും. ഇത് ഹൃദയം, രക്തക്കുഴലുകള്‍, വയറ്റിലെ ക്യാന്‍സര്‍, പൊണ്ണത്തടി, ഓസ്റ്റിയോപൊറോസിസ്, കിഡ്‌നി രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
