ഡല്‍ഹി: എയര്‍ഇന്ത്യ എയര്‍ലൈന്‍സ് ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജിന്റെ ഭാരം പുനര്‍നിര്‍ണയിച്ചു . ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കി ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജിന്റെ ഭാരമാണ് പുനര്‍നിര്‍ണയിച്ചത്. അവധിക്കാലത്ത് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇനിമുതല്‍ ഇക്കണോമിക് ക്ലാസിലെ ഇക്കണോമി കംഫര്‍ട്ട്, കംഫര്‍ട്ട് പ്ലസ് എന്നീ നിരക്കുകളിലെ യാത്രികര്‍ക്ക് സൗജന്യമായി 15 കിലോ ചെക്ക് ഇന്‍ ബാഗേജ് മാത്രമേ അനുവദിക്കൂ. നേരത്തേ ഇത് 20 കിലോയായിരുന്നു.
എന്നാല്‍, ഇക്കണോമി ഫ്‌ലെക്‌സിനു കീഴില്‍ ഉയര്‍ന്ന നിരക്ക് നല്‍കുന്ന യാത്രക്കാര്‍ക്ക് 25 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാന്‍ കഴിയും. എയര്‍ലൈനിനെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് എയര്‍ലൈനിന്റെ പുതിയ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. 2022ല്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനുമുമ്പ് സൗജന്യ ബാഗേജ് അലവന്‍സ് 25 കിലോയിരുന്നു. ഇത് 2023ല്‍ ഇത് 20 കിലോയായി കുറച്ചു.
ഇപ്പോള്‍ 15 കിലോയായി നിജപ്പെടുത്തിയതോടെ എയര്‍ ഇന്ത്യയുടെ സൗജന്യ ബാഗേജ് അലവന്‍സ് മറ്റ് എയര്‍ലൈനുകള്‍ക്കു തുല്യമായി. വിമാനക്കമ്പനികള്‍ കുറഞ്ഞത് 15 കിലോഗ്രാം സൗജന്യ ചെക്ക് ഇന്‍ ബാഗുകള്‍ കൊണ്ടുപോകാന്‍ യാത്രക്കാരെ അനുവദിക്കണമെന്നാണ് സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന്റെ നിര്‍ദേശം.
