ദുബായ്: കനത്ത മഴയെത്തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമനത്താവളം നിരവധി സര്‍വീസുകള്‍ റദ്ദാക്കി. പ്രതികൂല കാലാവസ്ഥ ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ ബാധിക്കുന്നതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഇന്ന്, വ്യാഴാഴ്ച രാവിലെ 13 വിമാനങ്ങള്‍ റദ്ദാക്കി. അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള ഒന്‍പത് സര്‍വീസുകളും നാല് ഔട്ട്ബൗണ്ട് വിമാനങ്ങളും റദ്ദാക്കിയതായും എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു. റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കായി മെട്രോ സര്‍വീസുകള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു. ടെര്‍മിനലുകള്‍ 1, 3 എന്നിവയിലെത്താന്‍ മെട്രോ സര്‍വീസ് ഉപയോഗിക്കാനാണ് നിര്‍ദേശം.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് ദുബായില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സും അറിയിച്ചു. വിമാനത്താവളങ്ങളിലേക്കുള്ള മറ്റ് സര്‍വീസുകളും വെട്ടിക്കുറച്ചതായി എയര്‍ലൈന്‍സ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. യാത്രക്കാര്‍ ഓണ്‍ലൈനിലൂടെ വിമാനങ്ങളുടെ സമയമാറ്റം പരിശോധിക്കണമെന്നും എയര്‍ലൈന്‍സ് നിര്‍ദ്ദേശിച്ചു. ഇന്ന്, യുഎഇയില്‍ ഉടനീളം മോശം കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
റദ്ദാക്കിയ വിമാനങ്ങള്‍:
1) EK 123/124 – ദുബായ് – ഇസ്താംബൂള്‍
2) EK 763/764 – ദുബായ് – ജോഹന്നാസ്ബര്‍ഗ്
3) EK 719/720 – ദുബായ് – നെയ്റോബി
4) Ek 921/922 – ദുബായ് – കെയ്റോ
5) EK 903/904 – ദുബായ് – അമ്മാന്‍
EK 352/353 – ദുബായ് – സിംഗപ്പൂര്‍ ( EK353 മെയ് 3 ന് UAE സമയം 12.30 AM ന് പുറപ്പെടും )
അസ്ഥിര കാലാവസ്ഥയെത്തുടര്‍ന്ന് ദുബായിലെ എല്ലാ ബീച്ചുകളും പൊതു പാര്‍ക്കുകളും മാര്‍ക്കറ്റുകളും ഇന്ന് മുതല്‍ അടച്ചിടുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയും പ്രഖ്യാപിച്ചു.
