ദുബായ്: ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു. 2024 ജൂണ്‍ 1, 2025 ജനുവരി 1, 2026 ജനുവരി 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായി നിരോധനം നടപ്പിലാക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ #DubaiMoreSustainable എന്ന കാമ്പെയ്‌ന്റെ ഭാഗമായാണ് തീരുമാനം. നിരോധിത വസ്തുക്കളുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ബോധവല്‍ക്കരണ ഗൈഡും മുനിസിപ്പാലിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ ഗൈഡ് ലഭ്യമാണ്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് റീസൈക്ലിംഗ് സംസ്‌കാരം വളര്‍ത്തുക ലക്ഷ്യമിട്ടാണ് നടപടി.
നിരോധനം ഇങ്ങനെ;
1) 2024 ജൂണ്‍ 1 മുതല്‍ – ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകള്‍ക്കും പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളുടെ നിരോധനത്തില്‍, 57 മൈക്രോമീറ്ററോ അതില്‍ കുറവോ കട്ടിയുള്ള എല്ലാത്തരം ബാഗുകളും ഉള്‍പ്പെടും. പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍, ജൈവ നശീകരണ സസ്യ വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച ബാഗുകള്‍, ബയോഡീഗ്രേഡബിള്‍ ബാഗുകള്‍ എന്നിവയാണ് നിരോധിച്ചിരിക്കുന്ന സിംഗിള്‍ യുസേജ് ബാഗുകള്‍. എന്നാല്‍ ബ്രെഡ് ബാഗുകള്‍, ട്രാഷ് ബിന്‍ ലൈനറുകള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം, ചിക്കന്‍ എന്നിവയ്ക്കുള്ള കവറുകള്‍, 57 മൈക്രോമീറ്ററില്‍ കൂടുതല്‍ കട്ടിയുള്ള കവറുകള്‍, ഇലക്ട്രോണിക് ഉപകരണ പൊതിയുന്ന കവറുകള്‍, വിവിധ മാലിന്യ സഞ്ചികള്‍, ധാന്യ സഞ്ചികള്‍, ഓണ്‍ലൈനില്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന കവറുകള്‍ എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2) 2025 ജനുവരി 1 മുതല്‍- പ്ലാസ്റ്റിക് സ്റ്റിറേസ്, സ്‌റ്റൈറോഫോം ഫുഡ് കണ്ടെയ്‌നേഴ്‌സ്, പ്ലാസ്റ്റിക് ടേബിള്‍ കവറുകള്‍, പ്ലാസ്റ്റിക് കോട്ടണ്‍ സ്വാബ്സ്, പ്ലാസ്റ്റിക് സ്ട്രോകള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന സ്‌റ്റൈറോഫോം കപ്പുകള്‍ എന്നിവ നിരോധിക്കും.
3) 2026 ജനുവരി 1 മുതല്‍- ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകള്‍-ലിഡ്ഡുകള്‍, പ്ലാസ്റ്റിക് കട്ട്‌ലറികള്‍, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍ എന്നിവയും നിരോധിക്കും.
നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും. പരമാവധി 2,000 ദിര്‍ഹം വരെ പിഴ ചുമത്തും. ഒരേ ലംഘനം ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
