ദോഹ: ഖത്തറിൽ മറ്റുള്ളവരുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ ഇടങ്ങളിൽ വെച്ച് വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതോ പ്രചരിപ്പിക്കുന്നതോ നിയമലംഘനമാണെന്നും മന്ത്രാലയം വിശദീകരിച്ചു. കൂടാതെ, പൊതുസ്ഥലങ്ങളിൽ വെച്ച് ആളുകളെ അപമാനിക്കാനോ അവഹേളിക്കാനോ ഉള്ള ഉദ്ദേശ്യത്തോടെ ചിത്രങ്ങൾ പകർത്തുന്നതും നിയമപ്രകാരം കുറ്റകരമാണ്.
ഖത്തർ ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ (333) പ്രകാരം, ഫോട്ടോ എടുക്കുമ്പോഴോ അത് പ്രസിദ്ധീകരിക്കുമ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുകയും നിയമപരമായ നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്യേണ്ടതുണ്ട്. ഖത്തർ നിയമ പോർട്ടലായ “അൽ-മിസാൻ” (Al-Mizan) പ്രകാരം, 2017 മാർച്ച് എട്ടിന് പ്രാബല്യത്തിൽ വന്ന 2017-ലെ നിയമം 4 പ്രകാരം ഭേദഗതി വരുത്തിയ ആർട്ടിക്കിൾ 333 ൽ നിയമം അനുവദിക്കാത്ത സാഹചര്യങ്ങളിൽ, വ്യക്തികളുടെ സമ്മതമില്ലാതെ താഴെ പറയുന്ന പ്രവൃത്തികളിൽ ഏതെങ്കിലും ഒന്ന് ചെയ്തുകൊണ്ട് അവരുടെ സ്വകാര്യത ലംഘിക്കുന്ന ഏതൊരാളും, രണ്ട് വർഷത്തിൽ കൂടാത്ത കാലയളവിലേക്കുള്ള തടവുശിക്ഷയ്‌ക്കോ, (10,000) പതിനായിരം റിയാലിൽ കൂടാത്ത പിഴയ്‌ക്കോ, അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന ശിക്ഷയ്‌ക്കോ വിധേയനാകുന്നതാണ്: 1- മറ്റ് വ്യക്തികൾക്ക് അയച്ച സ്വകാര്യ കത്തോ ടെലിഗ്രാമോ തുറന്നു പരിശോധിക്കുക. 2- ഫോൺ സംഭാഷണം ഒളിഞ്ഞു കേൾക്കുക. 3- ഏതെങ്കിലും തരത്തിലുള്ള ഉപകരണം ഉപയോഗിച്ച് സ്വകാര്യ സ്ഥലത്ത് നടന്ന സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയോ കൈമാറുകയോ ചെയ്യുക.
ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് സ്വകാര്യ സ്ഥലത്തുവെച്ച് ഒരാളുടെയോ അതിലധികമോ ആളുകളുടെയോ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ കൈമാറുകയോ ചെയ്യുക. ദുരുപയോഗം ചെയ്യുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ, ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് പൊതുസ്ഥലത്തുവെച്ച് ഒരാളുടെയോ അതിലധികമോ ആളുകളുടെയോ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ കൈമാറുകയോ ചെയ്യുക. നിയമം അനുവദിക്കുന്ന സാഹചര്യങ്ങളിലൊഴികെ, അപകടങ്ങളിൽപ്പെട്ടവരുടെയോ മരണപ്പെട്ടവരുടെയോ ചിത്രങ്ങളോ വീഡിയോകളോ ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് പകർത്തുകയോ കൈമാറുകയോ ചെയ്യുക എന്നിവയും ശിക്ഷാർഹമായ കുറ്റമാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
