ദോഹ: ഖത്തറിന് നേരെ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. ഖത്തര്‍ എനര്‍ജിയുടെ ഇന്ധന എണ്ണ ടാങ്കറിന് നേരെയാണ് മിസൈലാക്രമണം നടന്നത്.
ഖത്തര്‍ എനര്‍ജിയുടെ ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ധന എണ്ണ ടാങ്കറായ അക്വാ 1 ന് നേരെ ഇന്ന്, ഏപ്രില്‍ 1 ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഖത്തറിന്റെ വടക്കന്‍ ടെറിട്ടോറിയല്‍ കടലില്‍ വെച്ച് എണ്ണ ടാങ്കര്‍ മിസൈല്‍ ആക്രമണത്തിന് വിധേയമായതായി ഖത്തര്‍ എനര്‍ജിയും സ്ഥിരീകരിച്ചു.
അതേസമയം കപ്പലിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ ഫലമായി പരിസ്ഥിതിക്ക് ഒരു ആഘാതവും ഉണ്ടായിട്ടില്ലെന്നും ഖത്തര്‍ എനര്‍ജി അറിയിച്ചു.
ഇറാനില്‍ നിന്നുള്ള മൂന്ന് ക്രൂയിസ് മിസൈലുകളാണ് ഇന്ന് ഖത്തറിനെ ലക്ഷ്യമാക്കിയതെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ക്രൂയിസ് മിസൈലുകള്‍ സായുധ സേന വിജയകരമായി തകര്‍ക്കുകയും മൂന്നാമത്തെ മിസൈല്‍ ഖത്തറിന്റെ പ്രാദേശിക ജലാശയത്തില്‍ ഖത്തര്‍ എനര്‍ജി ലീസിനെടുത്ത ഒരു എണ്ണ ടാങ്കറില്‍ പതിക്കുകയും ചെയ്തു. 21 ക്രൂ അംഗങ്ങള്‍ ടാങ്കറിലുണ്ടായിരുന്നു. എല്ലാവരേയും പരിക്കേല്‍ക്കാതെ രക്ഷപെടുത്തിയതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
