ദോഹ: ഖത്തറില്‍ ഇന്നലെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ എല്‍എന്‍ജി പ്ലാന്റുകള്‍ക്ക് നാശനഷ്ടമുണ്ടായി. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ നിരവധി ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) സൗകര്യങ്ങള്‍ മിസൈല്‍ ആക്രമണത്തിന് വിധേയമായതായി ഖത്തര്‍ എനര്‍ജി അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ പ്ലാന്റുകള്‍ തകര്‍ന്നതായും തീപിടുത്തമുണ്ടായി കൂടുതല്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയെന്നും ഖത്തര്‍ എനര്‍ജി അറിയിച്ചു.
ബുധനാഴ്ച രാത്രിയില്‍ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ നടന്ന ആക്രമണത്തിന് പിന്നാലെയാണ് വ്യാഴാഴ്ച പുലര്‍ച്ചെയും ആക്രമണം നടന്നത്. ഇതില്‍ ഗ്യാസ്-ടു-ലിക്വിഡ് കണ്‍വെര്‍ഷന്‍ പ്ലാന്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നാശനഷ്ടങ്ങള്‍ നിയന്ത്രിക്കാന്‍ അടിയന്തര പ്രതികരണ സംഘങ്ങളെ ഉടന്‍ വിന്യസിച്ചതായും ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കില്ലെന്നും ഖത്തര്‍ എനര്‍ജി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം ആക്രമണത്തിന് പിന്നാലെ നടത്തിയ വായു ഗുണനിലവാര പരിശോധനയില്‍ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി, അല്‍ ദഖീറ, അല്‍ ഖോര്‍ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലെ വായു ഗുണനിലവാര സൂചകങ്ങള്‍ സാധാരണ നിലയിലാണെന്ന് സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗ്യതയുള്ള അധികാരികളില്‍ സ്ഥിരീകരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
