ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷാ ഫലം; പുതിയ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ചു

1q 74

ദോഹ: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ പത്താം ക്ലാസ് പരീക്ഷാ മൂല്യനിര്‍ണയത്തിന് സിബിഎസ്ഇ പുതുക്കിയ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ചു. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ റദ്ദാക്കിയ പരീക്ഷകള്‍ക്ക് പകരമായാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.

നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഫെബ്രുവരി 17 മുതല്‍ 28 വരെ വിജയകരമായി നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും മൂല്യനിര്‍ണയം നടക്കുക. എല്ലാ പരീക്ഷകളും എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ റിസള്‍ട്ട് ലഭിക്കും. എന്നാല്‍ പകുതി മാത്രം പരീക്ഷ എഴുതിയവര്‍ക്കായി വ്യത്യസ്തമായ ശരാശരി രീതിയില്‍ റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് പ്രഖ്യാപിച്ചു.

നാല് വിഷയങ്ങളില്‍ പരീക്ഷ എഴുതിയവര്‍ക്ക്, അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മികച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി കണക്കാക്കി പരീക്ഷ നടക്കാത്ത വിഷയങ്ങള്‍ക്ക് മാര്‍ക്ക് നല്‍കും. മൂന്ന് വിഷയങ്ങള്‍ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ രണ്ട് വിഷയങ്ങളുടെ ശരാശരിയാണ് മാനദണ്ഡമാക്കുക. രണ്ട് വിഷയങ്ങള്‍ മാത്രം എഴുതിയവരുടെ കാര്യത്തിലും ലഭ്യമായ മാര്‍ക്കിന്റെ ശരാശരി തന്നെയാകും പരിഗണിക്കുക. കംപാര്‍ട്ട്മെന്റ്/ പ്രൈവറ്റ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എഴുതിയ പരീക്ഷകളുടെ ഫലം അനുസരിച്ച് റിസള്‍ട്ട് പ്രഖ്യാപിക്കും. വരും പരീക്ഷകളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ അവസരം നല്‍കും.

വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന ഇന്റേണല്‍ അസസ്മെന്റ് നേരത്തെ പൂര്‍ത്തിയായതിനാല്‍ സ്‌കൂളുകള്‍ അപ്ലോഡ് ചെയ്ത മാര്‍ക്കുകള്‍ ഫലപ്രഖ്യാപനത്തിനായി നേരിട്ട് സ്വീകരിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ ഫലം ഇന്ത്യയിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പമായിരിക്കും പ്രസിദ്ധീകരിക്കുക. ഈ മൂല്യനിര്‍ണയ രീതിയിലൂടെ തയ്യാറാക്കുന്ന ഫലം അന്തിമമായിരിക്കുമെന്നും പന്ത്രണ്ടാം ക്ലാസുകാരുടെ മൂല്യനിര്‍ണയ പദ്ധതി പിന്നീട് അറിയിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സംയം ഭരദ്വാജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like