റിയാദ്: സൗദി അറേബ്യയില് പ്രാദേശിക ഉല്പ്പന്നങ്ങള് സംരക്ഷിക്കുന്നതിനായി പുതിയ നിയമം. രാജ്യത്തെ പ്രത്യേക പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രാദേശികമായി ഉല്പ്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങള്ക്ക് പ്രധാനമായും സംരക്ഷണം ഏര്പ്പെടുത്തുന്നതാണ് പുതിയ നിയമം. പ്രദേശിക ഉല്പ്പന്നങ്ങള് അനുകരിക്കുകയോ ദുരുപയോഗം ചെയ്യുകയോ വ്യാജ പതിപ്പ് ഉണ്ടാക്കുകയോ ചെയ്യുന്നവര്ക്ക് കര്ശന ശിക്ഷകളും പുതിയ നിയമത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
തായിഫ് റോസാപ്പൂക്കള് മുതല് സൗദി ഈത്തപ്പഴം വരെയുള്ള പ്രാദേശിക ഉല്പ്പന്നങ്ങള്ക്ക് നിയമം ബാധകമാണ്. അവയുടെ ആധികാരികത, പ്രശസ്തി, വിപണി മൂല്യം എന്നിവ സംരക്ഷിക്കുന്നതിനും ഉപഭോക്തൃ വഞ്ചന തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് രാജകീയ ഉത്തരവിന്റെ കീഴില് പുറപ്പെടുവിച്ച പുതിയ നിയമം. ഔദ്യോഗിക ഗസറ്റില് പ്രസിദ്ധീകരിച്ച് 180 ദിവസത്തിനുള്ളില് നിയമം പ്രാബല്യത്തില് വരും. നിയമ ലംഘകര്ക്ക് ഒരു മാസം മുതല് മൂന്ന് വര്ഷം വരെ തടവോ, 5,000 റിയാല് മുതല് 1 ദശലക്ഷം റിയാല് വരെ പിഴയോ അല്ലെങ്കില് രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗ്, ലേബലിംഗ്, പരസ്യം ചെയ്യല്, അല്ലെങ്കില് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നതോ അന്യായമായ മത്സരം സൃഷ്ടിക്കുന്നതോ ആയ ഏതെങ്കിലും ഉപയോഗം എന്നിവയ്ക്കും സമാനമായ ശിക്ഷകള് ബാധകമാണ്. വ്യാജ ഉല്പ്പന്നങ്ങളും അവ നിര്മിക്കാന് ഉപയോഗിക്കുന്ന ഉപകരണങ്ങള് എന്നിവ കണ്ടുകെട്ടാനും നശിപ്പിക്കാനും അല്ലെങ്കില് വാണിജ്യേതര മാര്ഗങ്ങളിലൂടെ അവ നീക്കം ചെയ്യാന് ഉത്തരവിടാനും നിയമം കോടതികള്ക്ക് അധികാരം നല്കുകയും ചെയ്യുന്നു.
കൂടുതല് വാര്ത്തകള്ക്കും തൊഴിലവസരങ്ങള്ക്കും ഗള്ഫ് മലയാളി വാര്ത്താ ഗ്രൂപ്പില് ജോയിന് ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല് ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
