ഡല്‍ഹി: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മരണം സ്ഥിരീകരിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. ധര്‍മ്മേന്ദ്ര ജിയുടെ വിയോഗം ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നതാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തിയിട്ടുണ്ട്.
ബോളിവുഡിന്റെ ‘ഹീ-മാന്‍’ എന്നായിരുന്നു ധര്‍മ്മേന്ദ്രയ്ക്ക് നല്‍കിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ധര്‍മ്മേന്ദ്രയുടെ പേരിലാണ്. 1973ല്‍ അദ്ദേഹം എട്ട് ഹിറ്റുകളും 1987ല്‍ തുടര്‍ച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നല്‍കി. ഇത് ഹിന്ദി സിനിമാ ചരിത്രത്തില്‍ എക്കാലത്തേയും റെക്കോര്‍ഡാണ്.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8നാണ് ധര്‍മേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. 1952ല്‍ ഫഗ്വാരയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. 1960-ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകള്‍ ബോളിവുഡിന്റെ തലപ്പത്ത് ധര്‍മേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂല്‍ ഔര്‍ പത്തര്‍, മേരാ ഗാവ് മേരാ ദേശ്, സീത ഔര്‍ ഗീത, ചുപ്കെ ചുപ്കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തന്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധര്‍മേന്ദ്ര ബിഗ് സ്‌ക്രീനുകള്‍ ഭരിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളില്‍ ഒരാളായി ധര്‍മ്മേന്ദ്ര മാറി.
2012ല്‍, ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. മുന്‍ എംപി കൂടിയാണ് അദ്ദേഹം. 1954ല്‍ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരാണ് മക്കള്‍. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ പ്രധാന വേഷത്തില്‍ എത്തുന്ന ഇക്കിസയിലാണ് ധര്‍മേന്ദ്ര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
