ദോഹ: ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. വാഹനമോടിക്കുമ്പോള്‍ കുട്ടികള്‍ക്കുള്ള ശരിയായ ഇരിപ്പിടത്തെക്കുറിച്ചാണ് ആഭ്യന്തര മന്ത്രാലയം (MoI) നിര്‍ദേശം നല്‍കിയത്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നത് ഒരു ഓപ്ഷനല്ല, ഉത്തരവാദിത്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കരുത്. അത് വ്യക്തമായ ഗതാഗത ലംഘനമാണെന്നും ഗതാഗത നിയമത്തിലെ (55)ാം ആര്‍ട്ടിക്കിളിന്റെ (3)ാം ക്ലോസ് പ്രകാരം ഗുരുതരമായ സുരക്ഷാ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
വാഹനാപകടമുണ്ടായാല്‍ മുന്‍ സീറ്റില്‍ ഇരിക്കുന്ന പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത എട്ട് മടങ്ങ് കൂടുതലാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്നവരെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എയര്‍ബാഗ്, അതിന്റെ ശക്തിയും ചെറിയ ശരീര വലുപ്പവും കാരണം കുട്ടികളില്‍ മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കുട്ടികളെ എപ്പോഴും പിന്‍സീറ്റില്‍ വേണം ഇരുത്തേണ്ടത്. കുട്ടികളുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമായ കുട്ടികളുടെ സുരക്ഷാ സീറ്റില്‍ അവരുടെ യാത്ര സുരക്ഷിതമാക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. സുരക്ഷാ സീറ്റ് ശരിയായി ഉറപ്പിച്ചിട്ടുണ്ടെന്നും എല്ലാ യാത്രയിലും സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും മുതിര്‍ന്നവര്‍ ഉറപ്പാക്കണം.
ഒരു സാഹചര്യത്തിലും ഒരു കുട്ടിയെ വാഹനത്തിനുള്ളില്‍ ശ്രദ്ധിക്കാതെ വിടരുതെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
