മുംബൈ: ടേക്ക് ഓഫിന് സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ആകാശ എയര്‍ വിമാനത്തിലാണ് സംഭവം. ജോന്‍പൂര്‍ ജില്ലയിലെ ഗൗരാ ബാദ്ഷാപ്പൂര്‍ സ്വദേശിയായ സുജിത് സിംഗാണ് പിടിയിലായത്. വാരണാസിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പ് യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം 6:45ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന QP 1497 വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കാബിന്‍ ക്രൂ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന്, പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരം അറിയിക്കുകയും വിമാനം തിരികെ ബേയിലേക്ക് കൊണ്ടുവരികയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയും സുജിത് സിംഗിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
അതേസമയം കൗതുകം കൊണ്ടാണ് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിച്ചതെന്ന് യാത്രക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഫൂല്‍പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍ സിംഗ് അറിയിച്ചു. യാത്രക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിമാനം പിന്നീട് മുംബൈയിലേക്ക് പുറപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
