തിരുവനന്തപുരം: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി നീട്ടി. ഒക്ടോബര്‍ 30 വരെ സമയം നീട്ടിയതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇതുവരെ 25000 ത്തിലധികം പ്രവാസികുടുംബങ്ങളാണ് നോര്‍ക്ക കെയര്‍ പരിരക്ഷയില്‍ ചേര്‍ന്നത്. ഇതേ തുടര്‍ന്ന് എന്റോള്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി നിലവിലെ ഒക്ടോബര്‍ 22 ല്‍ നിന്നും ഒക്ടോബര്‍ 30 വരെ നീട്ടുകയായിരുന്നു.
ഇന്‍ഷുറന്‍സ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്‌സ് എന്‍ ആര്‍ ഡവലപ്‌മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്‌ട്രേഷന്‍ ക്യാമ്പുകളും നടത്തുന്നുണ്ടെന്നും നോര്‍ക്കാ റൂട്ട്‌സ് അറിയിച്ചു.
നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ http://www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസി മലയാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ്സ് എന്റോള്‍മെന്റിനും, വിദേശത്ത് പ്രവാസികേരളീയര്‍ ജോലിചെയ്യുന്ന കമ്പനികള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
ഒരു കുടുംബത്തിന് (പ്രവാസി , പങ്കാളി , 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. അംഗങ്ങളാകുന്നവര്‍ക്ക് കേരളപിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ പരിരക്ഷ ലഭ്യമാക്കും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
