റിയാദ്: സൗദി അറേബ്യയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. കടകളില്‍ പുകയില വില്‍ക്കുന്നത് സംബന്ധിച്ചുള്ള പുതുക്കിയ നിയന്ത്രണ മാനദണ്ഡങ്ങള്‍ മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അംഗീകരിച്ചു. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക, രാജ്യത്തുടനീളം ചിട്ടയായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടികള്‍.
മസ്ജിദുകള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെ മാത്രമേ പുകയില കച്ചവടം അനുവദിക്കൂ. കടകള്‍ നഗരപ്രദേശത്തെ വാണിജ്യ കെട്ടിടത്തിനുള്ളില്‍ സ്ഥിതി ചെയ്യണം. കുറഞ്ഞത് 36 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കുന്നതിന് റാംപുകള്‍, അലാറം, അഗ്‌നിശമന സംവിധാനങ്ങള്‍, സൗദി ബില്‍ഡിങ് കോഡ് പ്രകാരമുള്ള ലൈറ്റിങ്, വെന്റിലേഷന്‍ എന്നിവ നിര്‍ബന്ധമാണ്. കടകളില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം. സിഗരറ്റുകള്‍, പുകയില, ഇ-സിഗരറ്റുകള്‍, ഹുക്കകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വാങ്ങാന്‍ വരുമ്പോള്‍ പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാന്‍ വില്‍പ്പനക്കാര്‍ക്ക് അധികാരമുണ്ട്. വെന്‍ഡിങ് മെഷീനുകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു. പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പനയും നിരോധിച്ചിട്ടുണ്ട്. ഉറവിടം അജ്ഞാതമായതോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയതോ ആയ ഉല്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. സ്ഥാപനത്തിന് പുറത്ത് ചിഹ്നങ്ങളില്‍ ലോഗോകളോ പ്രമോഷണല്‍ മെറ്റീരിയലുകളോ സ്ഥാപിക്കാന്‍ പാടില്ല. പുകയില ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുക, സമ്മാനങ്ങളായോ സൗജന്യ സാമ്പിളുകളായോ ഓഫര്‍ ചെയ്യുക, പരസ്യം ഉള്‍ക്കൊള്ളുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക എന്നിവയും നിരോധിച്ചു.
പുകവലിയുടെ അപകടങ്ങളെക്കുറിച്ചുള്ള അവബോധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുന്നറിയിപ്പ് കടകളില്‍ നിര്‍ബന്ധമാണ്. ലൈസന്‍സിങ് ഡാറ്റയുമായി ബന്ധിപ്പിച്ച ഒരു ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിക്കണം. ഇ-സിഗരറ്റ് ലിക്വിഡ് കണ്ടെയ്നറുകള്‍ ചോര്‍ച്ച തടയാന്‍ കര്‍ശനമായി അടച്ചിരിക്കണം. ഈ ഉല്‍പ്പന്നങ്ങളില്‍ പുകയില ദ്രാവകങ്ങള്‍ വീണ്ടും നിറയ്ക്കുന്നതും നിരോധിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
