ലണ്ടന്‍: ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തില്‍ വെച്ച് നോണ്‍-വെജ് ഭക്ഷണം കഴിച്ചതിന് പിന്നാലെ വെജിറ്റേറിയനായ യാത്രക്കാരന്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. 85 വയസ്സുള്ള യാത്രക്കാരനാണ് മരണപ്പെട്ടത്. ദക്ഷിണ കാലിഫോര്‍ണിയയിലെ റിട്ടയേര്‍ഡ് കാര്‍ഡിയോളജിസ്റ്റ് ആയിരുന്ന ഡോ. അശോക ജയവീരയാണ് മരിച്ചത്. സംഭവത്തില്‍ ഖത്തര്‍ എയര്‍ലൈനെതിരെ അശോക ജയവീരയുടെ മകന്‍ കേസ് ഫയല്‍ ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2023 ജൂണ്‍ 30-നാണ് ഈ സംഭവം നടന്നത്. ലോസ് ഏഞ്ചല്‍സില്‍ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന 15.5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലായിരുന്നു ഇത്. വെജിറ്റേറിയന്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരുന്നെങ്കിലും വെജിറ്റേറിയന്‍ ഭക്ഷണം ലഭ്യമല്ലാത്തതിനാല്‍ ഇദ്ദേഹത്തിന് മാംസം അടങ്ങിയ ഭക്ഷണമാണ് വിമാന ജീവനക്കാര്‍ നല്‍കിയതെന്നാണ് ആരോപണം. ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കി കഴിക്കാന്‍ ജീവനക്കാര്‍ നിര്‍ദ്ദേശിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാംസം ഒഴിവാക്കി കഴിക്കുന്നതിനിടെ യാത്രക്കാരന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ബോധരഹിതനാകുകയും ചെയ്തു. വിമാനത്തിലെ ജീവനക്കാര്‍ ഉടന്‍ തന്നെ സഹായം നല്‍കാന്‍ ശ്രമിക്കുകയും മെഡ്എയറില്‍ നിന്നുള്ള വിദൂര മെഡിക്കല്‍ ഉപദേഷ്ടാക്കളുടെ സഹായം തേടുകയും ചെയ്തു. എന്നാല്‍ ആരോഗ്യ നില വഷളായി. ഒടുവില്‍ വിമാനം സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ ഇറക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2023 ഓഗസ്റ്റ് 3-ന് യാത്രക്കാരന്‍ മരണപ്പെട്ടു.
അബദ്ധത്തില്‍ ഭക്ഷണത്തിന്റെ കഷ്ണങ്ങളോ ദ്രാവകമോ ശ്വാസകോശത്തിലേക്ക് പോകുന്നതുണ്ടാകുന്ന അസ്പിരേഷന്‍ ന്യൂമോണിയ ആയിരുന്നു മരണ കാരണം. ഭക്ഷണ വിതരണത്തിലെയും ചികിത്സാ നടപടികളിലെയും അശ്രദ്ധ ആരോപിച്ചാണ് ഡോ. ജയവീരയുടെ മകന്‍ സൂര്യ ജയവീര ഖത്തര്‍ എയര്‍വേയ്സിനെതിരെ കേസ് നല്‍കിയത്. അശ്രദ്ധയ്ക്കും മരണത്തിനും നഷ്ടപരിഹാരമായി നിയമപരമായ ഏറ്റവും കുറഞ്ഞ തുകയായ 1,28,821 ഡോളറും ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറും അമേരിക്കയും അംഗങ്ങളായ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ എന്ന അന്താരാഷ്ട്ര ഉടമ്പടി പ്രകാരമാണ് കേസ്.
അതേസമയം യാത്രക്കാരന്റെ മരണത്തില്‍ ഖത്തര്‍ എയര്‍വേയ്സ് ദുഃഖം രേഖപ്പെടുത്തി. നിലവിലുള്ള അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു. ഭാവിയില്‍ സമാന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആഭ്യന്തര നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുമെന്നും ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
