മസ്‌കത്ത്: ഒമാനില്‍ കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ് രണ്ടു പേര്‍ മരിച്ചു. യൂറാന്‍സ് സ്റ്റാര്‍( URANUS STAR) എന്ന ബ്രാന്‍ഡിന്റെ കുപ്പി വെള്ളത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായത്. വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമാനി പൗരനും പ്രവാസി സ്ത്രീയുമാണ് മരിച്ചത്.വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തിലാണ് സംഭവം.
ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത മലിനമായ കുപ്പിവെള്ളത്തില്‍ നിന്നാണ് വിഷബാധയെന്ന് കണ്ടെത്തിയത്. ലബോറട്ടറി പരിശോധനയില്‍ ഉല്‍പന്നത്തില്‍ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, വിഷയബാധയ്ക്ക് കാരണമായ ബ്രാന്‍ഡ് പ്രാദേശിക വിപണികളില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഇറാനില്‍ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതിയും സര്‍ക്കാര്‍ നിരോധിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലിനമായ ബ്രാന്‍ഡ് ഒഴിവാക്കാനും സുരക്ഷിതമല്ലാത്ത കുപ്പിവെള്ളമോ ഉപഭോഗവസ്തുക്കളോ ഉണ്ടെന്ന് സംശയിക്കുന്ന കേസുകള്‍ ഉടന്‍ തന്നെ യോഗ്യതയുള്ള അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും അധികാരികള്‍ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
