ദുബായ്: എമിറേറ്റ്‌സ് വിമാനയാത്രക്കാര്‍ക്കായി പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ ഇന്നുമുതല്‍ പ്രബല്യത്തില്‍. എല്ലാ വിമാനങ്ങളിലും പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്രക്കാര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു പവര്‍ ബാങ്ക് കൈയ്യില്‍ കരുതാന്‍ ഇപ്പോഴും അനുമതിയുണ്ടെങ്കിലും വിമാനത്തിനുള്ളില്‍ ഒരു കാരണവശാലും ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായാണ് ഈ തീരുമാനം. പവര്‍ ബാങ്ക് ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനോ അനുവാദിക്കില്ല. യാത്രക്കാര്‍ക്ക് ചില നിബന്ധനകളോടെ ഒരു പവര്‍ ബാങ്ക് കൈവശം വെക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ക്യാബിനിലിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കരുത്.
പുതിയ നിബന്ധനകള്‍ ഇപ്രകാരമാണ്. യാത്രക്കാര്‍ക്ക് 100Wh-ല്‍ താഴെ ശേഷിയുള്ള ഒരു പവര്‍ ബാങ്ക് കൈവശം വെക്കാം. വിമാനത്തിനുള്ളില്‍ വ്യക്തിഗത ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യുന്നത് അനുവദനീയമല്ല. യാത്രയില്‍ കൊണ്ടുപോകുന്ന എല്ലാ പവര്‍ ബാങ്കുകള്‍ക്കും അതിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കണം.
പവര്‍ ബാങ്കുകള്‍ വിമാനത്തിലെ ഓവര്‍ഹെഡ് സ്റ്റോവേജ് ബിന്നില്‍ വെക്കാന്‍ പാടില്ല. പകരം, സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വെക്കണം. ചെക്ക്-ഇന്‍ ലഗേജില്‍ പവര്‍ ബാങ്കുകള്‍ അനുവദനീയമല്ല (നിലവിലുള്ള നിയമം). എല്ലാ വിമാനങ്ങളിലെയും സീറ്റുകളില്‍ ചാര്‍ജിംഗ് സൗകര്യം ലഭ്യമാണെന്ന് എമിറേറ്റ്സ് അറിയിച്ചു. എങ്കിലും, പ്രത്യേകിച്ചും ദീര്‍ഘദൂര വിമാനങ്ങളില്‍, യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഉപകരണങ്ങള്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യണമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
വ്യോമയാന മേഖലയില്‍ ലിഥിയം ബാറ്ററികള്‍ ഉള്‍പ്പെട്ട സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, വിശദമായ സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ തീരുമാനമെന്നും എയര്‍ലൈന്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
