കൊച്ചി: നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതിവെച്ചിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്.
നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ഇതില്‍ കേരളത്തില്‍ എത്ര വാഹനങ്ങള്‍ ഉണ്ടെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരുകയാണ്. വാഹന ഡീലര്‍മാരില്‍ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മുഴുവന്‍ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നു മാത്രമായി 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടക്കുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
