ഡല്‍ഹി: ഇന്ത്യില്‍ ജിഎസ്ടി ഇളവുകള്‍ നാളെമുതല്‍ നടപ്പിലാക്കും. സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണമാണ് നാളെ, തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി സാധനങ്ങളുടെ വില കുറയുമെന്നാണ് പ്രതീക്ഷ. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള 4 ജിഎസ്ടി നികുതി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിര്‍ണായക കേന്ദ്രശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെയാണ് ജിഎസ്ടി പരിഷ്‌കരണത്തിന് വഴിതുറന്നത്. നിലവില്‍ 12%, 28% എന്നീ നിരക്കുകള്‍ ബാധകമായിരുന്ന ഒട്ടേറെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നി സ്ലാബുകളിലേക്കു കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.
ബിസ്‌കറ്റിനും സോപ്പിനും നെയ്യിനും വെണ്ണയ്ക്കും മുതല്‍ കാറുകള്‍ക്ക് വരെ നാളെമുതല്‍ വിലകുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പ്രമുഖ കമ്പനികള്‍ ഇതിനോടകം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 700ഓളം ഉല്‍പന്ന പാക്കുകളുടെ വില അമുല്‍ കുറച്ചു. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്‌കോഡ തുടങ്ങിയ കമ്പനികളും വന്‍വിലക്കുറവ് പ്രഖ്യാപിച്ചു.
നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ടൂത്ത്‌പേസ്റ്റ്, ഷാംപൂ, വെണ്ണ, നെയ്യ്, പനീര്‍, ഹെയര്‍ ഓയില്‍ തുടങ്ങി ജനങ്ങള്‍ നിത്യേന വാങ്ങുന്ന നിരവധി ഉല്‍പന്നങ്ങള്‍ക്ക് ഇനി നികുതി 5% ആയിരിക്കും. എസിക്കും ടിവിക്കും റഫ്രിജറേറ്ററിനും ഡിഷ് വാഷറിനും ഇതുവരെ നികുതി 28 ശതമാനമായിരുന്നു. ഇനിമുതല്‍ 18% മാത്രമായിരിക്കും നികുതി. ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം പോളിസികളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് പൂജ്യമാക്കി. മെഡിക്കല്‍ ഉപകരണങ്ങളുടേത് 18ല്‍ നിന്ന് കുറഞ്ഞത് 5 ശതമാനത്തിലേക്കും കുറച്ചു.
കാര്‍ ടൂവീലറുകള്‍ എന്നിവയ്ക്ക് 18 ശതമാനമാണ് ജിഎസ്ടി. നേരത്തേ 28 ശതമാനമായിരുന്നു. 1,200സിസിക്ക് താഴെയുള്ള പെട്രോള്‍ കാറുകള്‍, 1,500 സിസിക്ക് താഴെയുള്ള ഡീസല്‍ കാറുകള്‍ എന്നിവയ്ക്ക് നികുതിയിളവ് ലഭിക്കും. ബസ്, ട്രക്ക് എന്നിവയ്ക്കും വാഹന ഘടകങ്ങള്‍ക്കും നികുതി 18% ആയിരിക്കും.
ജിം, സലൂണ്‍ സേവനങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി. വസ്ത്രം, പാദരക്ഷകള്‍ എന്നിവയ്ക്ക് 2,500 രൂപയ്ക്ക് താഴെയുള്ള പര്‍ച്ചേസുകള്‍ക്ക് 5% മാത്രമാണ് ജിഎസ്ടി. നികുതി കുറയുന്നതോടെ ഗൃഹോപകരണങ്ങളുടെ വിലയില്‍ 7-8% വരെ വിലക്കുറവുണ്ടാകും. സിമന്റിനും നികുതി 5 ശതമാനമാക്കിയത് ഭവന നിര്‍മാണ മേഖലയ്ക്ക് നേട്ടമാകും. പുതുതായി വീടുവയ്ക്കുന്നവര്‍ക്കും ഈയിനത്തില്‍ ബജറ്റ് വലിയതോതില്‍ ലാഭിക്കാം.
അതേസമയം ചില വസ്തുക്കള്‍ക്ക് വിലകൂടുകയും ചെയ്യും. ആഡംബര ഉല്‍പന്ന/സേവനങ്ങള്‍, ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കാണ് വിലകൂടുക. പുകയില, പാന്‍ മസാല, കോള തുടങ്ങിയവയ്ക്ക് 40% ജിഎസ്ടിക്ക് പുറമെ സെസും ബാധകമാകും. 1,500 സിസിക്ക് മുകളിലുള്ള കാറുകള്‍, 4 മീറ്ററിലധികം നീളമുള്ള എസ്‌യുവി എന്നിവയ്ക്കും ഇനി നികുതി 40%. ബെറ്റിങ്, കാസിനോ തുടങ്ങി പണമിടപാടുള്ള ഗെയിമിങ് മേഖലയ്ക്കും നികുതി 40 ശതമാനമായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
