അബുദാബി: യുഎഇയില്‍ സോഷ്യല്‍മീഡിയാ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി. പരസ്യങ്ങള്‍ കൊളാബ് ചെയ്യാന്‍ ഇനി പെര്‍മിറ്റ് നിര്‍ബന്ധമാക്കും. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ബാധകമാകും.
പണം നല്‍കിയോ അല്ലാതെയോ പരസ്യം ചെയ്യുന്നവര്‍ ‘അഡ്വര്‍ടൈസര്‍ പെര്‍മിറ്റ്’ നേടിയിരിക്കണമെന്ന് യുഎഇ മീഡിയ കൗണ്‍സില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പരസ്യമേഖലയില്‍ സുതാര്യതയും പ്രഫഷനലിസവും ഉപയോക്തൃ സംരക്ഷണവും ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. മൂന്ന് മാസത്തിനകം പ്രാബല്യത്തില്‍ വരും.
ആദ്യ മൂന്ന് വര്‍ഷത്തേക്ക് പെര്‍മിറ്റ് സൗജന്യമാണ്. പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ ചില നിബന്ധനകള്‍ ബാധകമാണ്. അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം (ചില നിബന്ധനകള്‍ക്ക് വിധേയമായി പ്രായത്തില്‍ ഇളവുകള്‍ അനുവദിക്കാം). യുഎഇ പൗരന്മാരും താമസക്കാരും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ഇലക്ട്രോണിക് മീഡിയയില്‍ ട്രേഡ് ലൈസന്‍സ് നേടിയിരിക്കണം. 18 വയസ്സിന് താഴെയുള്ളവര്‍ നിയമപരമായ രക്ഷിതാവിന്റെ പേരിലായിരിക്കണം പ്രവര്‍ത്തന ലൈസന്‍സ് എടുക്കേണ്ടത്. സന്ദര്‍ശകര്‍ക്ക് യുഎഇയിലെ ലൈസന്‍സുള്ള ഏജന്‍സി വഴി ‘അഡ്വര്‍ടൈസര്‍’ പെര്‍മിറ്റ് നേടാവുന്നതാണ്.
യുഎഇയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഉല്‍പന്നങ്ങളോ സേവനങ്ങളോ വില്‍ക്കാന്‍ നിയമസാധുതയുള്ള ട്രേഡ് അല്ലെങ്കില്‍ ഇ-കൊമേഴ്സ് ലൈസന്‍സ് നിര്‍ബന്ധമാണ്. സാമ്പത്തിക വികസന വിഭാഗം അല്ലെങ്കില്‍ ബന്ധപ്പെട്ട ഫ്രീ സോണ്‍ അതോറിറ്റിയില്‍ നിന്നാണ് ഈ ലൈസന്‍സ് നേടേണ്ടത്. വീടുകളില്‍ നിന്ന് ബിസിനസ് നടത്തുന്നവര്‍ക്കും തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ പണം സമ്പാദിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും ഇത് ബാധകമാണ്.
ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഫെഡറല്‍ നിയമപ്രകാരം 5 ലക്ഷം ദിര്‍ഹം വരെ പിഴയും സാധനങ്ങള്‍ കണ്ടുകെട്ടലും തടവ് ശിക്ഷയും ലഭിച്ചേക്കാം. മതവിശ്വാസങ്ങളെ അവഹേളിക്കുന്നത് മുതല്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് വരെയുള്ള ലംഘനങ്ങള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
