കരിപ്പൂര്‍: മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഒരു കിലോഗ്രാമോളം എംഡിഎംഎയുമായി കോഴിക്കോട് വിമാനത്താവളത്തില്‍ യുവതി പിടിയില്‍. ഒമാനില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍.എസ്.സൂര്യ (31)യാണ് അറസ്റ്റിലായത്. കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ലഗേജില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു. യുവതിയെ സ്വീകരിക്കാനെത്തിയ മുന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മസ്‌കത്ത് വിമാനത്താവളത്തില്‍നിന്നു യുവതി കരിപ്പൂരിലെത്തിയത്. സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സി.പി.ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
അതേസമയം അറസ്റ്റിലായ സൂര്യ ദിവസങ്ങള്‍ക്കു മുന്‍പാണ് മസ്‌കത്തിലേക്കു പോയത്. കഴിഞ്ഞ 16നാണ് മസ്‌കത്തിലെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ തിരികെ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. മയക്കുമരുന്ന് നാട്ടിലെത്തിക്കാന്‍ കാരിയര്‍ ആയി പോയതാകാമെന്നാണ് പൊലീസ് നിഗമനം. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
