കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയേയും ഭാര്യയേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീടിനുള്ളിലെ മുറിയില്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.
മരണം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. സംഭത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലായെന്നാണ് വിവരം. നേരത്തെ ഇവരുടെ വീട്ടില്‍ ജോലിക്ക് നിന്ന അന്യസംസ്ഥാന തൊഴിലാളയാണ് പിടിയിലായത്. ഇയാളെ വീട്ടില്‍ നിന്ന് ഫോണ്‍ ഉള്‍പ്പെടെയുള്ളവ മോഷ്ടിച്ച കുറ്റത്തിന് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. കൂടാതെ കേസില്‍ ജയിലില്‍ പോകുകയും ചെയ്തിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്. അതിനുശേഷം വീട്ടില്‍ എത്തി ഇയാള്‍ ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റേയും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് കൊല്ലപ്പെട്ട പ്രമുഖ വ്യവസായിയായ വിജയകുമാര്‍. ജോലിക്കാരി നല്‍കിയ പ്രാഥമിക വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയുടെ വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്നും പൊലീസ് പ്രതികരിച്ചു.
അതിക്രൂരമായ രീതിയിലായിരുന്നു കൊലപാതകം. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുഖത്ത് അതി ക്രൂരമായി ആക്രമിച്ച പാടുകള്‍ ഉണ്ടായിരുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് കണ്ടെത്തി. വീടിന്റെ പിന്നിലെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. അമ്മിക്കല്ല് ഉപയോഗിച്ചാണ് വാതില്‍ തകര്‍ത്തത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇരുനില വീട്ടില്‍ വിജയകുമാറും മീരയും മാത്രമാണ് താമസിച്ചിരുന്നത്. പ്രവാസിയായിരുന്ന വിജയകുമാര്‍ വിരമിച്ച ശേഷം നാട്ടില്‍ ഭാര്യക്കൊപ്പം ബിസിനസ് നടത്തി ജീവിക്കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
