അബുദാബി: യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ഇന്ത്യക്കാരന്‍. ഓണ്‍ലൈനായി വാങ്ങിച്ച ഐ ഫോണിന് പകരം എത്തിയത് പ്ലാസ്റ്റിക് ഡമ്മി. റമദാന്‍ പ്രമാണിച്ചുള്ള വമ്പന്‍ ഓഫറുകള്‍ കണ്ട് ഇന്ത്യക്കാരനായ സിറാജുദ്ദീനാണ് ഓണ്‍ലൈനായി ഐഫോണ്‍ 16 പ്രൊ ഓര്‍ഡര്‍ ചെയ്തത്. റീടെയില്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങിക്കുന്നതിന് പകരം ഓണ്‍ലൈന്‍ വാങ്ങിക്കുമ്പോള്‍ സമയം ലാഭിക്കാമെന്നും നിരവധി ഓഫറുകള്‍ ലഭിക്കുമെന്നും കരുതിയതായി സിറാജുദ്ദാന്‍ പറയുന്നു. റീട്ടെയില്‍ സ്റ്റോറുകളിലേതിനേക്കാള്‍ വില കുറവായിരുന്നു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കണ്ടതെന്നും സിറാജുദ്ദീന്‍ പറഞ്ഞു.
4,199 ദിര്‍ഹത്തിന് ഓണ്‍ലൈനില്‍ നിന്ന് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ദേരയിലുള്ള വീട്ടിലേക്ക് സാധനം എത്തി. ഹൈദരാബാദിലുള്ള സഹോദരിക്ക് പൊരുന്നാള്‍ സമ്മാനം നല്‍കാനാണ് ഓര്‍ഡര്‍ ചെയ്‌തെന്നും ഇയാള്‍ പറഞ്ഞു. ഡെലിവറി ചെയ്ത പെട്ടി തുറന്നുനോക്കാതെ തന്നെ അത് ഇന്ത്യയിലേക്ക് പോകാനിരുന്ന തന്റെ സുഹൃത്തിനെ ഏല്‍പ്പിക്കുകയും നാട്ടിലെത്തി സഹോദരിക്ക് കൈമാറണമെന്നും പറഞ്ഞു. നാട്ടില്‍ സഹോദരിയുടെ കയ്യില്‍ സുഹൃത്ത് സമ്മാനം ഏല്‍പ്പിച്ചു. അവള്‍ അത് തുറന്നതും കണ്ടത് ഐഫോണിന്റെ പ്ലാസ്റ്റിക് ഡമ്മിയായിരുന്നു. സഹോദരി കരുതിയത് താന്‍ ഏപ്രില്‍ ഫൂള്‍ ആക്കിയതെന്നാണ്. ഇതില്‍ പരാതി പറയാന്‍ അവള്‍ വിളിച്ചപ്പോഴാണ് താന്‍ ഇക്കാര്യം അറിയുന്നതെന്നും ഉടന്‍ തന്നെ അത് തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും സിറാജുദ്ദീന്‍ പറയുന്നു.
താന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട അധികൃതര്‍ക്കെതിരെ ഉടന്‍ തന്നെ പരാതിപ്പെടുകയും ചെലവാക്കിയ പണം മുഴുവന്‍ തിരികെ ആവശ്യപ്പെടുകയും ചെയ്തു. കാലതാമസം കൂടാതെ തന്നെ പണം തിരികെ ലഭിച്ചു. എന്നാല്‍ ഈ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ലെന്ന് സിറാജുദ്ദീന്‍ പറയുന്നു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതേതുടര്‍ന്ന് ആഭ്യന്തരമായ അന്വേഷണം നടന്നുവരികയാണെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ വക്താവ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
