ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസി യാത്രക്കാരില്‍ നിന്ന് വ്യക്തമായ കാരണമില്ലാതെ ആഭരണങ്ങള്‍ പിടിച്ചുവയ്ക്കാനോ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന് ഡല്‍ഹി കോടതി. പൈതൃകമായി ലഭിച്ചതോ അല്ലെങ്കില്‍ വ്യക്തിഗത ആവശ്യത്തിനോയുള്ള സ്വര്‍ണാഭരണങ്ങള്‍ ധരിച്ചോ കൈവശം വച്ചോ ഇനി യാത്രക്കാര്‍ക്ക് ധൈര്യമായി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യാം. ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാരുടെ ആഭരണങ്ങളില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ചോദ്യം ചെയ്യലുകള്‍ സംബന്ധിച്ച് ലഭിച്ച മുപ്പതോളം പരാതികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് പ്രതിഭ.എം.സിങ്, രജനീഷ് കുമാര്‍ ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്റെ നിര്‍ദേശം. പാരമ്പര്യമായി കൈവശം വയ്ക്കുന്ന ആഭരണങ്ങള്‍ക്ക് പോലും രസീത് ചോദിക്കുന്ന രീതിയാണ് കസ്റ്റംസിനുള്ളതെന്നാണ് പരാതി.
വ്യക്തിഗത ആവശ്യത്തിനോ അല്ലെങ്കില്‍ പാരമ്പര്യമായി ലഭിച്ചതോ ആയ സ്വര്‍ണാഭരണങ്ങളെക്കുറിച്ച് വിമാനത്താവളങ്ങളിലെ കസ്റ്റംസില്‍ നിന്നുണ്ടാകുന്ന ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരുന്നത് നിരന്തര സംഭവമാണ്. പ്രത്യേകിച്ചും വിവാഹ സീസണ്‍ നാളുകളില്‍. വ്യക്തമായ കാരണമില്ലാതെ ഇത്തരം ആഭരണങ്ങള്‍ പിടിച്ചു വയ്ക്കാനോ യാത്രക്കാരെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കാനോ പാടില്ല. യാത്രക്കാര്‍ക്ക് നേര്‍ക്കുള്ള ഇത്തരം മാനസിക പീഡനങ്ങള്‍ പ്രതിരോധിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലെയും ജീവനക്കാര്‍ക്കായി പ്രത്യേക വര്‍ക്‌ഷോപ്പുകള്‍ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് നിര്‍ദേശം ആശ്വാസകരമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
