തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കുറ്റപത്രം. എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. 2024 ജനുവരിയില്‍ ആരംഭിച്ച അന്വേഷണത്തിന് ശേഷമാണ് ഈ പ്രധാനപ്പെട്ട നീക്കം. സാമ്പത്തിക ക്രമക്കേട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഇനി നേരിടേണ്ടിവരും.
മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി. കമ്പനികാര്യ മന്ത്രാലയമാണ് എസ്എഫ്‌ഐഒക്ക് അനുമതി നല്‍കിയത്. സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്‌ഐഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. എസ്എഫ്‌ഐഒയുടെ ചാര്‍ജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വീണയ്ക്കും എക്‌സലോജിക്കിനും 2.70 കോടി രൂപയാണ് അനധികൃതമായി കിട്ടിയത്. സിഎംആര്‍എല്ലില്‍ നിന്നും എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നുമാണ് ഈ പണം കൈപ്പറ്റിയത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യാ കമ്പനിയുടെ ഡയറക്റ്റര്‍മാര്‍. സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണ ടി. ക്കും, ശശിധരന്‍ കര്‍ത്തയ്ക്കും എക്‌സലോജിക്കിനും സിഎംആര്‍എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയത്. ആറ് മാസം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
പ്രോസിക്യൂഷന്‍ അപേക്ഷ കിട്ടിയതോടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി വഴി വിചാരണ നടപടികള്‍ തുടങ്ങാം. വീണ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സമന്‍സ് അയക്കും. ശശിധരന്‍ കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സിഎംആറെല്ലില്‍ നടന്നെന്നാണ് കണ്ടെത്തല്‍. ഇല്ലാത്ത ചെലവുകള്‍ പെരുപ്പിച്ച് കാട്ടി, കൃതിമ ബില്ലുകള്‍ തയാറാക്കിയായിരുന്നു വെട്ടിപ്പ്. നിപുണ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
