ഡല്‍ഹി: വേദനസംഹാരികളായ ടാപെന്റഡോള്‍, കാരിസോപ്രോഡോള്‍ എന്നിവ സംയോജിപ്പിച്ചുള്ള മരുന്നുകളുടെ ഉത്പാദനത്തിനും കയറ്റുമതിക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടേതാണ് നടപടി. അംഗീകൃതമല്ലാത്ത ഈ മരുന്നുകളുടെ കോമ്പിനേഷനുകള്‍ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ ലഹരിമരുന്നിനായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.
ബിബിസി വേള്‍ഡ് സര്‍വീസിന്റെ ‘ഇന്ത്യാസ് ഓപിയോയിഡ് കിങ്‌സ്’ എന്ന പേരില്‍ പുറത്തുവിട്ട ഡോക്യുമെന്ററിയുടെ അടിസ്ഥാനത്തില്‍ പാല്‍ഘറിലെ അവിയോ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നടന്ന റെയ്ഡില്‍ അനുമതിയില്ലാത്ത ടാപ്പന്റഡോള്‍, കാരിസോപ്രോഡോള്‍ എന്നീ മരുന്നുകളുടെ കോമ്പിനേഷന്‍ ഉപയോഗിച്ച് മരുന്ന് നിര്‍മാണം നടക്കുന്നതായി കണ്ടെത്തിയിരുന്നു.
പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ പൊതുജനാരോഗ്യ പ്രതിസന്ധിക്ക് ഇത്തരം വസ്തുക്കള്‍ കാരണമാകുന്നതായാണ് കണ്ടെത്തല്‍. മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള അനുമതി പിന്‍വലിച്ചതായി ഡോ.രാജീവ് സിംഗ് രഘുവംശി പറഞ്ഞു. മുംബൈയിലെ കമ്പനിയുടെ ഫാക്ടറി റെയ്ഡ് ചെയ്യുകയും അതിന്റെ മുഴുവന്‍ സ്റ്റോക്കും പിടിച്ചെടുക്കുകയും ചെയ്തതായി ഇന്ത്യയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
