ദോഹ: ഖത്തറിലെ പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താനുമായി സ്ഥാപിച്ച വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട് പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തുണയായതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖുലൂദ് സെയ്ഫ് അബ്ദുല്ല അല്‍കുബൈസി പറഞ്ഞു. 2018ലെ 17-ാം നമ്പര്‍ നിയമപ്രകാരം രാജ്യത്ത് സ്ഥാപിച്ച വര്‍ക്കേഴ്‌സ് ഫണ്ട് ഇതുവരെ 130,000ല്‍ അധികം തൊഴിലാളികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്്.
2018ല്‍ സ്ഥാപിതമായത് മുതല്‍ വിവിധ സേവനങ്ങളിലൂടെ ഫണ്ട് അതിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കൈവരിച്ചതായും ഖുലൂദ് സെയ്ഫ് അബ്ദുല്ല അല്‍കുബൈസി പറഞ്ഞു. സമഗ്ര തൊഴില്‍ പരിഷ്‌കാരങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മികച്ച തൊഴില്‍ അന്തരീക്ഷവും ജീവിത സാഹചര്യവും ഒരുക്കുന്നതിലും വര്‍ക്കേഴ്‌സ് ഫണ്ട് വലിയ സംഭാവനകളാണ് നല്‍കിയത്. തൊഴിലാളികള്‍ക്കിടയില്‍ കായിക സംസ്‌കാരം വളര്‍ത്താന്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷനുമായി കഴിഞ്ഞ ദിവസം വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട് ധാരണയില്‍ എത്തിയിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത്.
ഖത്തര്‍ വിഷന്‍ 2030ന്റെ ഭാഗമായി തൊഴിലാളികളുടെ സാമ്പത്തിക, സാമൂഹിക സ്ഥിരത വര്‍ദ്ധിപ്പിക്കുക, വേതനവും സാമ്പത്തിക കുടിശ്ശികയും വൈകിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക, തൊഴിലുടമകളുമായുള്ള തര്‍ക്കം പരിഹരിക്കുക തുടങ്ങിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട് സ്ഥാപിച്ചത്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
