ദോഹ: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരിക്കലും സ്വകാര്യവിവരങ്ങള്‍ പങ്കിടരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഗത വിവരങ്ങളോ ഡാറ്റായോ പങ്കിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഫിഷിംഗിന് (തട്ടിപ്പിന്) സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള സന്ദേശങ്ങളില്‍ പ്രതികരിക്കരുത്, സോഷ്യല്‍മീഡിയകളില്‍ വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളില്‍ നിങ്ങളുടെ സുഹൃത്തുകളുടെ ഐഡന്റിറ്റി പരിശോധിച്ച് നിങ്ങള്‍ക്ക് അറിയാവുന്ന ആളുകളുമായി മാത്രം സംസാരിക്കുക എന്നും മന്ത്രാലയം എക്‌സില്‍ വ്യക്തമാക്കി.
ഇ-മെയില്‍ തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങളിലൂടെ പ്രശസ്തമായ സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവയുടേത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ നേടി നടത്തുന്ന തട്ടിപ്പുകളാണ് ഫിഷിംഗ്. ബാങ്കിംഗ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് അക്കൗണ്ടുകള്‍, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ എന്നിവ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുന്നതാണ് തട്ടിപ്പ് രീതി. വ്യാജ ലിങ്കുകള്‍ അയച്ച് അതില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും അത്തരം ലിങ്കുകളില്‍ ചേര്‍ത്തിട്ടുള്ള അറ്റാച്ച്‌മെന്റ് ഫയലുകള്‍ തുറക്കാനും ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ ഒരു രീതി.
ഇത്തരം ഫിഷിംഗ് തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഓഫീസിലെത്തിയോ മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെയോ അധികൃതരെ അറിയിക്കാന്‍ കഴിയും. 2347444 എന്ന നമ്പറിലോ 66815757 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ cccc@moi.gov.qa എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
