കുവൈത്തിലെ ബാങ്കിൽ 700 കോടി രൂപയുടെ തട്ടിപ്പ്; 1,425 മലയാളികൾക്കെതിരെ കേസ്

kuwait2

കൊച്ചി: കുവൈത്തിലെ ബാങ്കിൽ നിന്ന് ശതകോടികൾ കബളിപ്പിച്ച സംഭവത്തിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്തിൻ്റെ 700 കോടി രൂപ കബളിപ്പിച്ചെന്നാണ് നിഗമനം. ബാങ്കിൽ നിന്ന്  ലോൺ നേടിയശേഷം അവിടെ നിന്ന് മുങ്ങിയവർക്കെതിരെയാണ് അന്വേഷണം. കുവൈത്തിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേർ കുറ്റം ആരോപിക്കപ്പെട്ടവരിൽ ഉണ്ട്. അൻപത് ലക്ഷം മുതൽ രണ്ട് കോടി രൂപവരെയാണ് പലരും ലോൺ നേടിയത്. കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറി. സംഭവത്തിൽ കേരളത്തിൽ 10 കേസുകൾ റജിസ്റ്റർ ചെയ്തു. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേർക്കെതിരെയാണ് കേസ് എടുത്തത്. ബാങ്ക് അധികൃതർ കേരളത്തിലെത്തി ഉന്നത പൊലീസുദ്യോഗസ്ഥരെ കണ്ടു. പിന്നീട് ഡിജിപി നിർദ്ദേശിച്ച പ്രകാരമാണ് കേസെടുത്തത്.

ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് ബാങ്ക് തട്ടിപ്പിൽ വിവരം കേരള പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ മാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികൾ കേരളത്തിലെത്തി സംസ്ഥാന എഡിജിപി മനോജ് എബ്രഹാമിനെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നൽകിയാണ് പരാതി. തട്ടിപ്പ് നടത്തിയവരിൽ കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളുണ്ട്. 

2020-22 കാലത്ത് ബാങ്കിൽ നിന്ന് ചെറിയ ലോൺ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്. ഈ തുക കൃത്യമായി അടച്ച് പിന്നീട് 2 കോടി രൂപ വരെ വലിയ ലോൺ എടുത്തു. പിന്നീട് ഇവർ കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് 1425 മലയാളികൾ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്. തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടത്. ഏഷ്യാനെറ്റ്‌ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

ആദ്യം തട്ടിപ്പ് നടത്തിയവർ വഴി പഴുത് മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് ബാങ്ക് മനസിലാക്കുന്നത്. ഇതിന് പിന്നിൽ ഏജൻ്റുമാരുടെ ഇടപെടൽ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. കുവൈത്ത് പൗരന്റെ പരാതിയിലാണ് കേരളത്തിൽ 10 കേസുകൾ രജിസ്റ്റ‍ർ ചെയ്തത്. തട്ടിപ്പ് നടന്നത് കുവൈത്തിലാണെങ്കിലും വിദേശത്ത് തട്ടിപ്പ് നടത്തി രാജ്യത്തേക്ക് മടങ്ങുന്നവർക്കെതിരെ ഇന്ത്യയിൽ കേസെടുക്കാൻ നിയമപ്രകാരം സാധിക്കും. ഇതിനാലാണ് കേരള പൊലീസ് കേസെടുത്തത്. കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുന്നത്. നിലവിൽ എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകൾ രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. 

കടപ്പാട്: ഏഷ്യാനെറ്റ്‌ ന്യൂസ്‌

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading