അബുദാബി: യുഎഇയിൽ സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് നിർദേശം. ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി ഇത് സംബന്ധിച്ച് രക്ഷിതാക്കൾക്കും നഴ്സറികൾക്കും മുന്നറിയിപ്പ് നൽകി. ചെറിയ കുട്ടികളെ ചൈൽഡ് സീറ്റിൽ ബെൽറ്റിട്ട് ഇരുത്തണം. വാഹനത്തിന്റെ ഡോർ ചൈൽഡ് ലോക്ക് ചെയ്യണം. യാത്ര സുരക്ഷിതമാക്കുന്നതിൽ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ് എന്നും നോട്ടിസിൽ പറയുന്നു.
നാല് വയസ് തികയാത്ത കുട്ടികൾ ചൈൽഡ് സീറ്റിലാണ് ഇരിക്കുന്നതെന്ന് വാഹനമോടിക്കുന്നവർ ഉറപ്പാക്കണം. 10 വയസാകാത്തവരെ മുൻസീറ്റിൽ ഇരുത്തരുത്. പൊതു ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് മാർഗനിർദേശങ്ങൾ അതോറിറ്റി പുറത്തിറക്കിയത്.
അതേസമയം കുട്ടികൾ വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമത്തെക്കുറിച്ച് 55% രക്ഷിതാക്കളും ബോധവാന്മാരല്ലെന്ന് അതോറിറ്റിയുടെ സർവേയിൽ കണ്ടെത്തി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലോടുന്ന വാഹനം അപകടത്തിൽപെട്ടാൽ സീറ്റ് ബെൽറ്റ് ഇടാത്ത കുട്ടിക്ക് 10 മീറ്റർ ഉയരത്തിൽ നിന്നു വീഴുന്നതിനു തുല്യമായ പരുക്കുണ്ടാകുമെന്നാണ് പഠന റിപ്പോർട്ട്. വാഹനത്തിന്റെ വേഗം കൂടുന്നത് അനുസരിച്ചു പരുക്കും ഗുരുതരമാകും.
സീറ്റ് ബെൽറ്റ് ഇടുന്നതു വഴി തലച്ചോറിനും സുഷുമ്ന നാഡിക്കും ഏൽക്കുന്ന പരുക്കിന്റെ തീവ്രത കുറയ്ക്കാമെന്ന പഠന റിപ്പോർട്ടും മാർഗനിർദേശങ്ങളിലുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
