കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്. മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
കഴിഞ്ഞ 19ാം തീയതി മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അഷ്‌റഫും കുടുംബവും. ഇന്നലെ രാത്രിയാണ് ഇവര്‍ തിരികെയെത്തുന്നത്. വീട്ടിലെത്തിനോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളില്‍ നിന്നാണ് പണവും സ്വര്‍ണവും കവര്‍ന്നിരിക്കുന്നത്. മതില്‍ ചാടിക്കടന്ന് അടുക്കള ഭാഗത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയിരിക്കുന്നത്. കിടപ്പുമുറിയിലേക്ക് എത്തിയതിങ്ങനെയെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം സംഭവത്തില്‍ ഡോഗ്‌സ് സ്‌ക്വോഡ് എത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. മോഷണം നടത്തുന്നതിനു മുന്‍പോ ശേഷമോ മോഷ്ടാക്കള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതാകാം എന്നാണ് നിഗമനം. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
