കൊച്ചി: എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത മുന്നറിയിപ്പ്. കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും അതോറിറ്റി. പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം.
മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണം ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് രോഗബാധയ്ക്ക് കാരണമെന്ന് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 563 ഹെപ്പറ്റൈറ്റിസ് എ കേസുകള്‍ സ്ഥിരീകരിച്ചു. ശ്രീമൂലനഗരം, മലയാറ്റൂര്‍, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍. കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞപ്പിത്തരോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
