തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തും. മെസി അടക്കമുള്ള പ്രമുഖതാരങ്ങള്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നര മാസത്തിനകം എ.എഫ്.എ അധികൃതര്‍ കേരളത്തില്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത വര്‍ഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാകും മല്‍സരം നടത്തുക. തീയതിയും എ.എഫ്.എ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചെലവ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സും, വ്യാപാരി വ്യവസായി സമിതിയും വഹിക്കും.
അര്‍ജന്റീനന്‍ ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തിയാല്‍ എതിരാളി മറ്റൊരു വിദേശ ടീമാകും. റാങ്കിംഗില്‍ രണ്ട് അറ്റത്ത് കിടക്കുന്ന ഇന്ത്യയും അര്‍ജന്റീനനയും പരസ്പരം മത്സരിക്കില്ല. അര്‍ജന്റീന ലോക ഒന്നാം നമ്പറും ഇന്ത്യ 125-ാം സ്ഥാനത്തുമാണ്. അര്‍ജന്റീനയും നേരിടാനുള്ള ടീമും കേരളത്തില്‍ മത്സരിക്കുന്നതിന്റെ ചെലവ് മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണു തീരുമാനം. തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങള്‍ നടക്കുക. അങ്ങനെയെങ്കില്‍ മത്സരം കേരളത്തില്‍ ഇന്നുവരെ നടന്നതില്‍ ഏറ്റവും ചെലവേറിയതും വരുമാനം ലഭിച്ചതുമായ മത്സരമാകും ഇതെന്ന് ഉറപ്പ്.
ലോക ചാംപ്യന്‍മാരായ അര്‍ജന്റീനന്‍ ടീമിന്റെ ഒരു മത്സരത്തിന്റെ ഫീ 4-5 മില്യണ്‍ ഡോളര്‍ (3240 കോടി രൂപ) ആണ്. ഇതാണ് 2023 ല്‍ അര്‍ജന്റീനയുടെ ദക്ഷിണേഷ്യന്‍ പ്ലാനില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടും മത്സരം നടക്കാതിരുന്നതിന് കാരണം. അര്‍ജന്‍ന്റീന ടീം കേരളത്തില്‍ വന്ന് കളിച്ച് മടങ്ങാന്‍ മൊത്തം നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
