ദുബായ്: സോഷ്യല്‍ മീഡിയകളില്‍ മികച്ച ഉള്ളടക്കം സൃഷ്ടിക്കുന്നവര്‍ക്ക് ദുബായ് ന്യൂ മീഡിയ അക്കാദമി 10 ലക്ഷം ഡോളറിന്റെ കണ്ടന്റ് ക്രിയേറ്റര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ദുബായില്‍ ജനുവരി 11 മുതല്‍ 13 തീയതികളില്‍ നടക്കുന്ന വണ്‍ ബില്യന്‍ ഫോളോവേഴ്‌സ് ഉച്ചകോടിയില്‍ ജേതാവിനെ പ്രഖ്യാപിക്കും. അവാര്‍ഡും സമ്മാനിക്കും. നവംബര്‍ 30 വര അപേക്ഷിക്കാം. സാമൂഹിക മാറ്റം, സുസ്ഥിര സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്കായി സമൂഹമാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു ലോകത്തെ ബോധ്യപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് അവാര്‍ഡ് നല്‍കുന്നത്.
ലോകമെമ്പാടുമുള്ള മികച്ച ഉള്ളടക്ക സ്രഷ്ടാക്കളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായിലെ ന്യൂ മീഡിയ അക്കാദമി പുതിയ അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.’നല്ലതിനായുള്ള ഉള്ളടക്കം’ എന്ന പ്രമേയത്തില്‍ ആഗോളതലത്തില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഉള്ളടക്കത്തിന്റെ ആശയം, വിശദാംശം, ചരിത്രം എന്നിവയെല്ലാം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. വിജ്ഞാനപ്രദമായ, മൂല്യങ്ങളുള്ള ഉള്ളടക്കം നല്‍കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാരെ നാമനിര്‍ദേശം ചെയ്യാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. അര്‍ഥവത്തായ മാറ്റത്തിനുള്ള സാധ്യത ശക്തിപ്പെടുത്താനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ദുബായ് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു
വ്യവസ്ഥകൾ:
- സാമൂഹിക, സാംസ്‌കാരിക, ശാസ്ത്രീയ, മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളണം.
- മനസ്സുകളെ പ്രചോദിപ്പിക്കുന്ന, രാഷ്ട്രങ്ങളെ അടുപ്പിക്കുന്ന, ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം വേണം
- സുസ്ഥിരതയെ പിന്തുണയ്ക്കണം, സഹാനുഭൂതി നിലനിര്‍ത്തണം.
- നവീനവും സത്യസന്ധവുമായ ഉള്ളടക്കമായിരിക്കണം.
- സമൂഹമാധ്യമങ്ങളുടെ മാനദണ്ഡങ്ങളും നയങ്ങളും പാലിക്കുന്നതാകണം.
-ജനങ്ങളുമായി ആശയവിനിമയവും ഇടപഴകലും വളര്‍ത്താന്‍ ഉതകുന്നതായിരിക്കണം.
ഡിസംബര്‍ ഒന്നുമുതല്‍ 15 വരെയുള്ള തീയതികളില്‍ പ്രത്യേക പാനല്‍ പരിശോധിച്ച് 10 പേരെ അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കും. തുടര്‍ന്ന് വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്ന ഇവയ്ക്ക് ഡിസംബര്‍ 16 മുതല്‍ 31 വരെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വോട്ട് നല്‍കാം. ജനുവരി 11, 12 തീയതികളില്‍ വീണ്ടും ജഡ്ജിമാര്‍ വിലയിരുത്തിയ ശേഷം ജേതാവിനെ തിരഞ്ഞെടുത്ത് ഉച്ചകോടിയില്‍ പ്രഖ്യാപിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
