ദോഹ: ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച മധ്യസ്ഥതയില്‍ നിന്ന് ഖത്തര്‍ പിന്മാറിയതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഹമാസിനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഖത്തര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളും രാജ്യം നിഷേധിച്ചു. ഇരു കക്ഷികളും ആത്മാര്‍ത്ഥമായി സഹകരിച്ചാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ.മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗസ വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് ഖത്തര്‍ പിന്‍വാങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്. ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ മധ്യസ്ഥത ശ്രമങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് പത്ത് ദിവസം മുമ്പ് ഗസ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഖത്തര്‍ അറിയിച്ചിരുന്നു. ഗസയിലെ ബന്ദികളെയും തടവുകാരെയും തിരികെ കൊണ്ടുവരാനുള്ള എല്ലാ നല്ല ശ്രമങ്ങളും നടത്തുന്നതില്‍ ഖത്തര്‍ മുന്‍പന്തിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യുഎന്‍എ) നല്‍കിയ പ്രസ്താവനയിലാണ് ഡോ. അല്‍ അന്‍സാരി ഇക്കാര്യം വ്യക്തമാക്കിയത്. ദോഹയിലെ ഹമാസ് ഓഫീസുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ റിപ്പോര്‍ട്ടുകളും മന്ത്രാലയം തള്ളി. വാര്‍ത്തകള്‍ കൃത്യമല്ലെന്നും ഡോ. അല്‍ അന്‍സാരി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള ആശയവിനിമയ ചാനലാണ് ഖത്തറിലെ ഓഫീസിന്റെ പ്രധാന ലക്ഷ്യം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
