അബുദാബി: യുഎഇയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും നിശ്ചിത തുക വരുമാനം ലഭിക്കുന്ന പദ്ധതി വരുന്നു. ഇതിനായി നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിന് (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം തൊഴിലുടമകളോട് അഭ്യര്‍ഥിച്ചു. തൊഴിലാളികള്‍ക്കുവേണ്ടി കമ്പനി മാസംതോറും വരിസംഖ്യ നല്‍കണം. സ്ഥാപനത്തിനും ജീവനക്കാര്‍ക്കും ഗുണകരമാകുന്ന രീതിയിലുള്ള പുതിയ പദ്ധതി പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം വിശ്വസനീയവും അംഗീകൃതവുമായ ഫണ്ടുകളില്‍ നിക്ഷേപിച്ച് വരുമാനം വര്‍ധിപ്പിക്കാനും അവസരമൊരുങ്ങുമെന്ന് മന്ത്രാലയം വിശദീകരിച്ചു. സേവിങ്‌സ് ഫണ്ടുകള്‍ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കും. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയവും സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയും ചേര്‍ന്ന് നിക്ഷേപ ഫണ്ടുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.
ജീവനക്കാരുടെ സാമ്പത്തിക ആസ്തി വളര്‍ത്താനും സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ അവസരങ്ങളിലൂടെ അവരുടെ വരുമാനം വര്‍ധിപ്പിക്കാനും സാധിക്കും. ഈ നീക്കം തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കും. സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനും കമ്പനികളുടെ ദീര്‍ഘകാല സാമ്പത്തിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സംവിധാനം സഹായകമാകും. സേവിങ് സ്‌കീമില്‍ പങ്കെടുക്കുന്ന തൊഴിലുടമകള്‍ക്കുള്ള ചെലവ് ഗ്രാറ്റുവിറ്റികള്‍ നല്‍കുന്നതിനെക്കാള്‍ കുറവായിരിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (www.mohre.gov.ae) വഴി പദ്ധതിയില്‍ ചേരാന്‍ അപേക്ഷ സമര്‍പ്പിക്കാം. അംഗീകൃത നിക്ഷേപ ഫണ്ടുകളിലൊന്ന് തിരഞ്ഞെടുത്ത് ഓരോ തൊഴിലാളിയുടെയും പേരില്‍ വരിസംഖ്യ അടയ്ക്കണം. പദ്ധതിയില്‍ ചേരുന്ന തീയതിക്കു മുന്‍പു വരെയുള്ള ഗ്രാറ്റുവിറ്റി തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും നല്‍കണം. പദ്ധതി ആരംഭിക്കുന്ന തീയതി മുതലായിരിക്കും പുതിയ നിയമം അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുക. സമ്പാദ്യവും നിക്ഷേപ വരുമാനവും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാര്‍ഷിക ശമ്പളത്തിന്റെ 25% നിക്ഷേപിക്കാം. നിയമവിധേയമായി അവ പിന്‍വലിക്കാനും കഴിയും.
ജോലി മാറുമ്പോള്‍ തുക പിന്‍വലിക്കാനോ പുതിയ കമ്പനിക്കു കീഴിലേക്കു മാറ്റാനോ അനുമതിയുണ്ട്. വിദഗ്ധ തൊഴിലാളികള്‍ക്ക് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാമെങ്കിലും അവിദഗ്ധ തൊഴിലാളികള്‍ക്ക് കമ്പനി നിര്‍ദേശിക്കുന്നതില്‍ മാത്രമേ ചേരാന്‍ കഴിയൂ.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
