ദോഹ: ഖത്തറില്‍ മുട്ടയുടെ ഇറക്കുമതിയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഖത്തറിന്റെ പുതിയ മുട്ട ഇറക്കുമതി നയം അനുസരിച്ച്, ‘എഎ’, ‘എ’ എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള മുട്ടകള്‍ മാത്രമേ മിഡില്‍ ഈസ്റ്റ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുമതിയുള്ളൂ. 70 ഗ്രാമിന് മുകളില്‍ ഭാരമുള്ള മുട്ടകളെ AA എന്നും 60 ഗ്രാമിന് മുകളില്‍ ഭാരമുള്ള മുട്ടകളെ A എന്നും തരംതിരിച്ചിരിക്കുന്നു. 50 ഗ്രാം ഭാരമുള്ള മുട്ടകളെ ‘ബി’ ആയും 50 ഗ്രാമില്‍ താഴെയുള്ളവയെ ‘സി’ ആയും തരം തിരിച്ചിരിക്കുന്നു.
പുതിയ ഇറക്കുമതി നയം പ്രബല്യത്തില്‍ വരുന്നതോടെ ഖത്തറിലേക്ക് മുട്ട ഇറുക്കുമതി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകും. ഭാരം അനുസരിച്ച് ഇറക്കുമതി നിയന്ത്രിക്കുകയാണെങ്കില്‍ മിക്ക കേന്ദ്രങ്ങളില്‍ നിന്നും ഖത്തറിലേക്ക് നിലവില്‍ അയച്ച മുഴുവന്‍ മുട്ടയും നവംബര്‍ 10 മുതല്‍ നിരസിക്കപ്പെടും. ഷിപ്പ്‌മെന്റ് നടന്നിട്ടുള്ള മുട്ടകള്‍ റീഡയറക്ട് ചെയ്യാന്‍ കഴിയില്ലെന്ന് ലൈവ്സ്റ്റോക്ക് അഗ്രി ഫാര്‍മേഴ്സ് ട്രേഡ് അസോസിയേഷന്‍ (ലിഫ്റ്റ്) ജനറല്‍ സെക്രട്ടറി ഡോ.പി.വി സെന്തില്‍ പറഞ്ഞു.
നാല്‍പ്പത് വര്‍ഷത്തിലേറെയായി, ഖത്തര്‍ ഇന്ത്യന്‍ ടേബിള്‍ മുട്ടകളുടെ പ്രാഥമിക ഇറക്കുമതിക്കാരാണ്. ഇന്ത്യയിലെ മുട്ട കയറ്റുമതിയുടെ 95 ശതമാനവും നാമക്കല്‍ ജില്ലയില്‍ നിന്നാണ്. പുതിയ നിയമം വരുന്നതോടെ നാമക്കല്ലിലെ കര്‍ഷരും ബുദ്ധിമുട്ടിലാവും. ഖത്തറിനു പുറമേ, ശ്രീലങ്ക, ഒമാന്‍, ദുബായ്, മസ്‌കറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തുടങ്ങിയ രാജ്യങ്ങളിലേക്കും നാമക്കല്‍ മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്. പുതിയ ഇറക്കുമതി നയം മാറ്റിവയ്ക്കാന്‍ ഖത്തറുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യയിലെ മുട്ട കയറ്റുമതിക്കാരും കോഴി കര്‍ഷകരും അസോസിയേഷന്‍ പ്രതിനിധികളും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
