കുവൈത്തില്‍ വ്യാജ മയക്കുമരുന്നുമായി പ്രവാസി പിടിയിലായ കേസ്, പിന്നില്‍ മുന്‍ ഭാര്യയും കാമുകനും, പോലീസിന്റെ സഹായവും

arrest

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാറില്‍ മയക്കുമരുന്നുമായി കുവൈറ്റില്‍ പ്രവാസി യുവാവ് പിടിയിലായ കേസില്‍ വന്‍ ട്വിസ്റ്റ്. അറസ്റ്റിലായ പ്രവാസി നിരപരാധിയാണെന്നും മുന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ആസൂത്രിതമായി യുവാവിനെ കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായതോടെ പ്രവാസി കേസില്‍ കുറ്റവിമുക്തനായി.

സ്വകാര്യ വാഹനത്തില്‍ ഹാഷീഷുമായി ഒരു അറബ് പ്രവാസി പോലിസ് പിടിയിലാവുന്നതോടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. വാഹനത്തെ പിന്തുടര്‍ന്ന് യുവാവിനെ മയക്കുമരുന്നുമായി പിടികൂടിയ പോലിസ് പട്രോള്‍ സംഘം യുവാവിനെ ആന്റി നാര്‍ക്കോട്ടിക്ക് പോലിസിന് കൈമാറുകയും ചെയ്തു. എന്നാല്‍ യുവാവിനെ പിടികൂടിയ രീതിയും പോലിസ് ഇക്കാര്യത്തില്‍ കാണിച്ച അമിത ആവേശവുമെല്ലാം സംഭവത്തെ കുറിച്ച് അധികൃതരില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് കേസിലെ പ്രതികള്‍ അറസ്റ്റ് ചെയ്ത പോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണെന്ന് കണ്ടെത്തിയത്.

പോലീസ് ഓഫീസര്‍ക്കു പുറമെ, യുവാവിന്റെ മുന്‍ ഭാര്യയും ബെദൂയിന്‍ വിഭാഗത്തില്‍ പെട്ട നിലവിലെ കാമുകനും ചേര്‍ന്നാണ് സംഭവം ആസൂത്രണം ചെയ്തതെന്നും ഇവരെ വിശദമായ ചോദ്യം ചെയ്യലില്‍ പോലീസിന് മനസ്സിലായി. അറസ്റ്റിലായ പോലീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍ ഭാര്യ ഉള്‍പ്പെടെ ഒന്‍പതു പേരെ ഗൂഢാലോചനാ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. മുന്‍ ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ യുവതിയും കാമുകനും ചേര്‍ന്നായിരുന്നു യുവാവിനെ കുടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനായി കാമുകന്‍ തന്റെ സുഹൃത്തായ പോലീസ് ഓഫീസറുടെ സഹായം തേടുകയായിരുന്നു. ഇവര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് കേസില്‍ അറബ് പ്രവാസിയെ കുടുക്കാമെന്ന പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി മറ്റ് രണ്ടു പോലീസുകാരെ കൂടി ഇയാള്‍ കൂടെക്കൂട്ടി. അതിനു പുറമെ, പ്രവാസി യുവാവിന്റെ സഹപ്രവര്‍ത്തകരുടെയും സഹായം തേടി. നേരത്തേ യുവതിക്ക് പരിചയമുണ്ടായിരുന്ന, പ്രവാസി യുവാവിന്റെ സഹപ്രവര്‍ത്തകയായ യുവതിയെയാണ് വാഹനത്തില്‍ മയക്കുമരുന്ന് വയ്ക്കാന്‍ ചുമതലപ്പെടുത്തിയത്. ഇതുപ്രകാരം യുവാവിന്റെ വാഹനത്തില്‍ ഹാഷീഷ് അടങ്ങിയ പൊതി അദ്ദേഹം കാണാതെ വയ്ക്കുകയായിരുന്നു.

തുടര്‍ന്ന് യുവാവ് വാഹനം ഓടിച്ചു പോകവെ, പൊടുന്നനെ പിന്തുടര്‍ന്നെത്തിയ പോലീസ് പട്രോള്‍ സംഘം, യുവാവിന്റെ വാഹനം തടഞ്ഞു നിര്‍ത്തുകയും വാഹന പരിശോധന നടത്തുകയുമായിരുന്നു. വാഹനത്തില്‍ നിന്ന് മയക്കുമരുന്ന് കിട്ടിയെന്ന കേസില്‍ പെടുത്തിയ ശേഷം ഇയാളെ പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ ആന്റി നാര്‍ക്കോട്ടിക് സംഘം കേസിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് യുവാവിന്റെ നിരപരാധിത്വം തെളിയിക്കുന്നതിലേക്കും കേസില്‍ യുവതിയും കാമുകിയും പോലീസുകാരും ഉള്‍പ്പെടുന്ന സംഘത്തെ പിടികൂടുന്നതിലേക്കും നയിച്ചത്.

യുവാവിനെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്ത പോലീസ് സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിലെ ഗൂഢാലോചന വെളിപ്പെട്ടത്. ഗൂഢാലോചനയില്‍ തങ്ങളുടെ പങ്ക് സമ്മതിച്ച പോലീസുകാര്‍, മുന്‍ ഭാര്യയെയും അവളുടെ കാമുകനെയും കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറി. കുവൈത്തിലെ സുലൈബിയ മേഖലയില്‍ വെച്ച് ബെദൂയിന്‍ വിഭാഗക്കാരനായ കാമുകനെ പോലീസ് പിടികൂടി. അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ ശ്രമം ഇയാളുടെ കുടുംബം ചെറുത്തു നിന്നതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. ഇതിനൊടുവില്‍ ബലപ്രയോഗത്തിലൂടെയാണ് കാമുകന്‍ ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പോലീസ് അറസ്റ്റ് ചെയ്തത്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading