അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കരുത്; പിഴ ചുമത്തും

road crossing

ദുബായ്: അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. ജെയ് വാക്കിങ് എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധമായ റോഡ് ക്രോസിങ് മൂലമുണ്ടാവുന്ന അപകടങ്ങളുടെ തോത് വലിയ തോതില്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. അശ്രദ്ധമായ റോഡ് ക്രോസിങ്ങുകള്‍ കാല്‍നട യാത്രക്കാരെ മാത്രമല്ല, വാഹനങ്ങളെയും അപകടത്തിലാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പ് ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കും. അപകടമുണ്ടാക്കുന്ന രീതിയില്‍ അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടന്നതിനും ട്രാഫിക് സിഗ്‌നലുകളിലെ കാല്‍നടയാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനും നിരവധി കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തിയതായി നായിഫ് പോലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉമര്‍ മൂസ ആഷൂര്‍ അറിയിച്ചു. ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 89 പ്രകാരം കാല്‍നട ട്രാഫിക് സിഗ്‌നലുകളുടെ ലംഘനത്തിനും അനധികൃത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നതിനും 400 ദിര്‍ഹം പിഴ ലഭിക്കും.

കഴിഞ്ഞ വര്‍ഷം നിര്‍ദിഷ്ട സ്ഥലങ്ങളിലൂടെ അല്ലാതെ ആളുകള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് എട്ട് പേര്‍ മരിക്കുകയും 339 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു. 2023-ല്‍ 44,000 കാല്‍നടയാത്രക്കാരില്‍ നിന്ന് നിയമവിരുദ്ധ റോഡ് ക്രോസിങ്ങിന് പിഴ ഈടാക്കി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading