തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നടന്‍ മോഹന്‍ലാല്‍ ഇന്ന് പ്രതികരിച്ചു. താന്‍ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്നും മോഹന്‍ലാല്‍ ഇന്ന് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവര്‍ ഗ്രൂപ്പിനെ കുറിച്ച് താന്‍ ആദ്യമായാണ് കേട്ടത്. കമ്മറ്റിക്ക് മുമ്പില്‍ താനും പോയിരുന്ന് ചോദിച്ചതിനെല്ലാം ഉത്തരം പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും അമ്മയല്ല മറുപടി പറയേണ്ടത്. മലയാള സിനിമയെ തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അമ്മ ഒരു ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിലുണ്ടായിരുന്നില്ലെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ ശസ്ത്രക്രിയയും തന്റെ ആദ്യ സിനിമാ സംരംഭമായ ബറോസിന്റെ പ്രവര്‍ത്തനങ്ങളുമായും തിരക്കിലായിരുന്നു. നിലവിലെ പശ്ചാത്തലത്തില്‍ തന്റെ സിനിമകളുടെ റിലീസ് മാറ്റിവച്ചു. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങള്‍ ഇവിടെയും സംഭവിക്കുന്നു. ഏറ്റവും കൂടുതല്‍ ചോദ്യ ശരങ്ങള്‍ വരുന്നത് തനിക്കും സംഘടനയായ അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തില്‍ അഭിഭാഷകരോടും മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരോടും അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗൂഗിള്‍ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമാ വ്യവസായം തകരാന്‍ പോവുന്ന സ്ഥിതിയാണ്. താന്‍ അഭിനയത്തിലേക്ക് വന്നപ്പോള്‍ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകര്‍ക്കരുത്. സര്‍ക്കാരും പൊലീസും കുറ്റക്കാര്‍ക്കെതിരെയുണ്ട്. കോടതി വരെ എത്തി നില്‍ക്കുന്ന വിഷയമാണ് ഇത്. പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
അമ്മയിലെ രാജി തോല്‍വിയോ ഒളിച്ചോട്ടമോയല്ല. ആരോപണങ്ങള്‍ അനാവശ്യമായി തങ്ങളിലേക്ക് വരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരുപാടധികം നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കമ്മിറ്റി നല്ല കാര്യമായാണ് തോന്നുന്നത്. ഈ സിനിമാ മേഖലയെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതാണ് നിര്‍ദ്ദേശം. ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ അത് പൊലീസിലേക്ക് അറിയിക്കുക. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. മറ്റ് ഭാഷകളില്‍ നിന്ന് വിളിച്ച് അന്വേഷിച്ചവരോട് ഹേമ കമ്മിറ്റിക്ക് സമാനമായ പഠന സംവിധാനം അവിടെയും ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു.
എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണം. താനൊരാള്‍ വിചാരിച്ചാല്‍ നിയമം മാറ്റാന്‍ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടന്ന് മലയാള സിനിമാ മേഖലയെ പുനര്‍ നിര്‍മ്മിച്ച് എടുക്കണം. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് അസോസിയേഷന്‍ ഉണ്ടാകണം. നിയമ നിര്‍മ്മാണ സമിതിയുണ്ടാകും. താരങ്ങള്‍ സെന്റിമെന്റലാണ്. വളരെയധികം സങ്കടമുണ്ട്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ല. ഏറെക്കാലം മലയാള സിനിമയുടെ ഭാഗമായി നില്‍ക്കുന്നയാളെന്ന നിലയിലാണ് പ്രതികരിക്കുന്നത്. ഇതൊരു വലിയ ദേശീയ അന്തര്‍ദേശീയ വാര്‍ത്തയായി മലയാള സിനിമാ രംഗം തകരാന്‍ കാരണമാവരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തന്റെ കൈയ്യില്‍ ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ താനെന്താണ് പ്രതികരിക്കേണ്ടതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മോഹന്‍ലാല്‍ പ്രതികരിച്ചു. ഇത്തരം പരാതികള്‍ ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഇനി ഉണ്ടാകണം. ഒരു ദിവസം കൊണ്ട് എങ്ങനെയാണ് നിങ്ങള്‍ക്ക് ഞങ്ങള്‍ അന്യരായി പോകുന്നത്? താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് അമ്മ സംഘടനയുണ്ടാക്കിയത്. ഞങ്ങളുടെ കൂടെ നിങ്ങളും നില്‍ക്കൂ, നിങ്ങളുടെ കൂടെ ഞങ്ങളും നില്‍ക്കാം. നല്ല കാര്യത്തിനായാല്‍ ഞങ്ങള്‍ സഹകരിക്കും. ഡബ്ല്യുസിസി, അമ്മ എന്നതെല്ലാം ഒഴിവാക്കൂ. എന്നിട്ട് മലയാള സിനിമയെ കുറിച്ച് മാത്രം സംസാരിക്കൂ. അമ്മ മാത്രമല്ല, ഒരുപാടധികം സംഘടനകളുണ്ട്. അവരുടെയെല്ലാം കാര്യത്തില്‍ സംസാരിക്കൂ. മുഖമറിയാത്ത പരിചയമില്ലാത്ത കുറേയധികം കാര്യങ്ങള്‍ പലയിടത്ത് നിന്നും കേട്ടു. എന്താണ് നടന്നതെന്ന് അറിയില്ല. മലയാള സിനിമയില്‍ 21 ഓളം സംഘടനകളുണ്ട്. അതിലൊന്നും അറിയിക്കാതെ അമ്മയോട് പ്രതികരണം ചോദിച്ചാല്‍ എന്താണ് പറയുക. താന്‍ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളല്ല. അങ്ങനെയൊരു കാര്യം താന്‍ ആദ്യമായാണ് കേട്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു. റിപ്പോര്‍ട്ടുകളില്‍ പറയുന്ന കാര്യങ്ങളില്‍ മാധ്യമങ്ങള്‍ക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
