തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവർക്ക് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകി. മലയാള സിനിമാ മേഖലയിൽ പുരുഷ മേധാവിത്വമാണെന്ന് റിപ്പോർട്ട് പറയുന്നു.
സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ്. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ട്. ഒന്നിലധികം പേർ ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ലൈംഗിക ചൂഷണത്തിന് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും സ്ത്രീകളെ നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിക്കും. പൂർണമായി ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമയിൽ ഉള്ളത്.
സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമർശനം. ഭയത്തോടെയാണ് മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതിയുമായി പോലീസിനെ സമീപിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബർ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
മലയാള സിനിമയിൽ ആൺ മേൽക്കോയ്മയുണ്ടെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതായും റിപ്പോർട്ട്. ‘ആലിംഗന സീനിന് 17 റീടേക്കുകൾ വരെയെടുത്തു. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് പ്രാഥമിക സൗകര്യങ്ങളില്ല. തുണി മറച്ചു പിടിച്ച് വസ്ത്രം മാറേണ്ടി വരുന്നു. കുറ്റിച്ചെടിയുടെ മറവിൽ വസ്ത്രം മാറേണ്ട സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമാ മേഖലയിൽ ഒരു പവർ ഗ്രൂപ്പ് നിലനിൽക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘നക്ഷത്രങ്ങളെ വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയായി തോന്നും, ചന്ദ്രനെ പോലെ സുന്ദരമല്ല താരങ്ങൾ’- റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. നടൻമാർ വാതിലിൽ മുട്ടുന്നതായും നടിമാരെ കിടക്ക പങ്കിടാൻ നിർബന്ധിതരാക്കുന്നതായും റിപ്പോർട്ടിലുണ്ട്.
സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയിൽ വർണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയിൽ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയിൽ നിന്നും പുറത്താകാൻ ശ്രമം നടക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
മിക്ക സിനിമ സെറ്റുകളിലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ല. ടോയ്‌ലറ്റ് ഉള്ള സ്ഥലത്ത് ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സ്ഥിതി ഭയാനകമാണെന്നും റിപ്പോർട്ടിലുണ്ട്.
ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഒഴിവാക്കും. ചില പേജുകൾ ഒഴിവാക്കിയാണ് നിലവിൽ റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
