ദോഹ: ഖത്തറില്‍ ട്രാഫിക് നിയമ ലംഘനങ്ങളില്‍ കുടിശ്ശികയുള്ളവര്‍ക്ക് ഇനിമുതല്‍ രാജ്യത്തിന് പുറത്തുപോകാന്‍ കഴിയില്ല. എല്ലാ ട്രാഫിക് പിഴകളും കുടിശ്ശികയുള്ള പേയ്മെന്റുകളും അടയ്ക്കുന്നത് വരെ, ഗതാഗത ലംഘനമുള്ള വ്യക്തികളെ ഏതെങ്കിലും അതിര്‍ത്തികളിലൂടെ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരം അറിയിച്ചു. 2024 സെപ്റ്റംബര്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്തയാണ് ഇക്കാര്യം അറിയിച്ചത്.
മെട്രാഷ് 2, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ട്രാഫിക്/ ഏകീകൃത സേവന കേന്ദ്രങ്ങള്‍ എന്നിവയിലൂടെ കുടിശ്ശികയും പിഴയും അടയ്ക്കാം. ട്രാഫിക് പിഴകള്‍ അടയ്ക്കാതെ കര, വായു, കടല്‍ അതിര്‍ത്തികളിലൂടെ ആരെയും രാജ്യം വിടാന്‍ അനുവദിക്കില്ല’ . രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന, പെര്‍മിറ്റുകള്‍ ആവശ്യമുള്ള മെക്കാനിക്കല്‍ വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
വാഹനങ്ങള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുന്നതിന്:
1) വാഹനങ്ങള്‍ക്ക് ട്രാഫിക് ലംഘനങ്ങളൊന്നും ഉണ്ടാകരുത്.
2) വാഹനത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനമോ എത്തിച്ചേരുന്ന സ്ഥലമോ വ്യക്തമാക്കിയിരിക്കണം.
3) അപേക്ഷകന്‍ വാഹനത്തിന്റെ ഉടമയായിരിക്കണം. അല്ലെങ്കില്‍ രാജ്യത്തിന് പുറത്തുകടക്കാന്‍ വാഹന ഉടമയുടെ സമ്മതത്തിന്റെ തെളിവ് ഹാജരാക്കം.
അതേസമയം ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും വെഹിക്കിള്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ലെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
ഗതാഗത ലംഘന പിഴ നേരത്തെ അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പിഴയില്‍ 50% ഇളവ് അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇളവ് ലഭിക്കും. എല്ലാ മെക്കാനിക്കല്‍ വാഹനങ്ങള്‍ക്കും ട്രാഫിക് ലംഘനങ്ങളില്‍ 50% ഇളവ് ലഭിക്കും. 2024 ജൂണ്‍ 1 മുതല്‍ 2024 ഓഗസ്റ്റ് 31 വരെയാണ് ഇളവ് ലഭിക്കുക. മൂന്ന് വര്‍ഷത്തിനുള്ളിലെ നിയമ ലംഘനങ്ങള്‍ക്ക് ഇളവ് അനുവദിക്കും.
