തിരുവനന്തപുരം: മസ്‌കത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ ഭാര്യ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയാണെന്ന് ആരോപിച്ചാണ് നമ്പി രാജേഷിന്റെ ഭാര്യ അമൃത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണമെന്നും പരാതിയില്‍ അമൃത ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് അമൃത പരാതി നല്‍കിയത്. അമൃതയ്‌ക്കൊപ്പം രണ്ട് മക്കളും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന നമ്പി രാജേഷിനെ കാണാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം മൂലം അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല. രണ്ട് തവണ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടും വിമാനം റദ്ദാക്കിയതിനാല്‍ അമൃതയ്ക്ക് മസ്‌കത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. വിമാനടിക്കറ്റിന്റെ തുക കൃത്യസമത്ത് തിരികെ നല്‍കാത്തതും യാത്രയ്ക്ക് തടസ്സമായി. മരിച്ച നമ്പി രാജേരിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ബന്ധുക്കള്‍ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിലും പ്രതിഷേധം നടത്തിയിരുന്നു.
