രാജസ്ഥാന്‍: രാജസ്ഥാനിലെ ചെമ്പ് ഖനിയില്‍ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലിഫ്റ്റ് തകര്‍ന്നുണ്ടായ ഗുരുതര പരിക്കുകളെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ലിഫ്റ്റില്‍ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലിഫ്റ്റില്‍ കുടുങ്ങിയ മറ്റുള്ളവരെ മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഇതില്‍ മൂന്ന് പേരെ ഗുരുതരപരിക്കുകളോടെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
നീം കാ താന ജില്ലയിലെ ചെമ്പ് ഖനിയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഹിന്ദുസ്ഥാന്‍ കോര്‍പ്പര്‍ ലിമിറ്റഡിന്റെ ഖേത്രി മേഖലയിലെ കോലിഹാന്‍ ഖനിയിലായിരുന്നു അപകടം. രാത്രി വൈകിയും നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് 14 പേരെ ജീവനോടെ രക്ഷിക്കാനായത്. ഖനിയിലെ വിദഗ്ദ പരിശോധിക്കാനായി എത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്‍ക്കത്തയില്‍ നിന്നുള്ള വിജിലന്‍സ് ടീം അംഗങ്ങളും തൊഴിലാളികളും അടക്കം 15 പേരാണ് ലിഫ്റ്റ് തകര്‍ന്ന് കുടുങ്ങിയത്.
ഭൂനിരപ്പില്‍ നിന്ന് ഏകദേശം 64 അടിയോളം താഴ്ചയിലേക്ക് പോകുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
