ദോഹ: ഖത്തറില്‍ ബലിപ്പെരുന്നാളിനോട് (ഈദ് അല്‍ അദ്ഹ) അനുബന്ധിച്ച് ആട്ടിറച്ചി സബ്സിഡിക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സബ്സിഡിക്കുള്ള രജിസ്ട്രേഷന്‍ മെയ് 9 മുതല്‍ ആരംഭിച്ചു. മെയ് 30 വരെ രജിസ്‌ട്രേഷന്‍ തുടരുമെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി. പ്രാദേശിക ആടുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഖത്തറിന്റെ വാണിജ്യ-സാമ്പത്തിക അന്തരീക്ഷം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് കന്നുകാലികളെ വളര്‍ത്തുന്നവരെയും ഫാം ഉടമകളെയും പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
വിപണിയിലെ ആട്ടിറച്ചിയുടെ വില സ്ഥിര നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുമെന്നും ന്യായമായ വിലയ്ക്ക് മാംസം ലഭിക്കാനുള്ള പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് ഓണ്‍ലൈനായും സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഉപഭോക്തൃ സേവന കോണ്‍ടാക്റ്റ് സെന്റര്‍ വഴി ബന്ധപ്പെടാമെന്നും അതോറിറ്റി അറിയിച്ചു.
