മസ്‌കത്ത്: ഒമാനെയും യുഎഇയേയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രാരംഭ ഘട്ടത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായി അസ്യാദ് ഗ്രൂപ്പ് സിഇഒ എഞ്ചിനീയര്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ സലേം അല്‍ ഹാത്മി പറഞ്ഞു. 2.5 കിലോമീറ്റര്‍ നീളമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉള്‍പ്പെടുന്നതിനാല്‍ ഭൂപ്രദേശത്തെയും കാലാവസ്ഥയെയും നേരിടാന്‍ നൂതന എഞ്ചിനീയറിംഗ് സൊല്യൂഷനുകള്‍ ഉപയോഗിച്ചാണ് റെയില്‍വേ ശൃംഖല രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ആസ്യാദ് ഗ്രൂപ്പ് സിഇഒ ഒമാന്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. അതില്‍ 34 മീറ്റര്‍ ഉയരത്തിലാണ് നിര്‍മാണം.
പദ്ധതിയില്‍, സോഹാര്‍, അല്‍ഐന്‍ മേഖലകളില്‍ പാസഞ്ചര്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. സോഹാര്‍, ബുറൈമി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ചരക്ക് സ്റ്റേഷനുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സോഹാറിനും അബുദാബിക്കുമിടയിലെ ദൂരം 100 മിനിറ്റിനുള്ളില്‍ ട്രെയിന്‍ മറികടക്കും. സോഹാറിനും അല്‍ഐനുമിടയില്‍ 47 മിനിറ്റിനുള്ളില്‍ 238 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ സഞ്ചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ഒരു യാത്രയില്‍ 25,000 ടണ്ണിലധികം പൊതു ചരക്ക് കൊണ്ടുപോകാന്‍ കഴിയും. 270-ലധികം സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്നറുകള്‍ കയറ്റുമതി ചെയ്യാനും മറ്റ് ഗതാഗത മാര്‍ഗങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ ഉദ്വമനം 10 മടങ്ങ് കുറയ്ക്കാനും ട്രെയിനിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് ഗതാഗത മാര്‍ഗങ്ങളെ അപേക്ഷിച്ച് ചരക്ക് ഗതാഗത ചെലവില്‍ 35 ശതമാനം മുതല്‍ 40 ശതമാനം വരെ ലാഭം ഈ പദ്ധതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കടല്‍ ഗതാഗതം, ട്രക്കുകള്‍ വഴി ചരക്ക് കൊണ്ടുപോകുന്നതിനുള്ള സമയത്തിന്റെ 50 ശതമാനം വരെ ലാഭിക്കാനാവുമെന്നും അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ സലേം അല്‍ ഹാത്മി പറഞ്ഞു.
