തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയേയും കോട്ടയം സ്വദേശികളായ ദമ്പതികളേയും അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൂവരുടേയും മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഹോട്ടല്‍ മുറിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇറ്റാനഗര്‍ പോലീസ് ആളുകളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കേരളാ പോലീസിലും ബന്ധുക്കളേയും അറിയിച്ചു. സംഭവത്തില്‍ പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. വീട്ടുകാരോട് പറയാതെ പോയതിനാല്‍ രക്ഷകര്‍ത്താക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആര്യ സുഹൃത്തായ കോട്ടയം സ്വദേശിയായ ദേവിയുടേയും ഭര്‍ത്താവ് നവീന്റേയും ഒപ്പമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്‌കൂളില്‍ മുമ്പ് ദേവി ജോലി ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. അതേസമയം മൂവരേയും മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
