ദോഹ: ഖത്തറിൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കണമെന്ന് ഖത്തർ പി എച്ച് സി സി. പേശീ-അസ്ഥി വ്യവസ്ഥകൾ നിരന്തരമായി വളരുന്ന ബാല്യ-കൗമാര ഘട്ടങ്ങളിൽ, അമിതഭാരമുള്ളതോ അനുയോജ്യമല്ലാത്തതോ ആയ സ്കൂൾ ബാഗുകൾ നട്ടെല്ല്, തോളുകൾ, കഴുത്ത് എന്നിവയിൽ അധിക സമ്മർദ്ദം ചെലുത്തുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
വിദ്യാർത്ഥിയുടെ ശരീരഭാരത്തിന്റെ 10-15 ശതമാനത്തിൽ കൂടുതൽ സ്കൂൾ ബാഗിന് ഭാരമുണ്ടാകാൻ പാടില്ല. വീതിയുള്ളതും പാഡിംഗ് (മെത്തപോലെയുള്ള മൃദുവായ ആവരണം) ഉള്ളതുമായ രണ്ട് സ്ട്രാപ്പുകളും (വാറുകൾ) പുറംഭാഗത്തിന് നല്ല താങ്ങും നൽകുന്ന ബാഗുകൾ തിരഞ്ഞെടുക്കണമെന്നും, രണ്ട് സ്ട്രാപ്പുകളും ഒരേസമയം ഉപയോഗിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കൂടാതെ, ബാഗിലെ സാധനങ്ങൾ ദിവസവും ക്രമീകരിക്കുകയും സ്കൂൾ സമയത്ത് ആവശ്യമായവ മാത്രം ബാഗിൽ ഉൾപ്പെടുത്തുകയും വേണമെന്നും പിഎച്ച്സിസി ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികളുടെ ഷൂ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. പാദങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ശരിയായ രീതിയിൽ നടക്കാൻ സഹായിക്കുകയും സന്ധികളിലും പേശികളിലുമുള്ള സമ്മർദ്ദം കുറയ്ക്കുകയും പാദത്തിന്റെ അളവിന് അനുയോജ്യമായതും, സുഖപ്രദവും വായുസഞ്ചാരമുള്ളതുമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതും, ചലനവേളയിൽ സ്ഥിരത നൽകുന്ന വഴക്കമുള്ളതും തെന്നിപ്പോകാത്തതുമായ സോൾ (sole) ഉള്ളതുമായ ഷൂസുകൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
