ദോഹ: ഖത്തറിൽ വാഹനാപകടത്തിൽപ്പെട്ട ഒരാൾക്ക് 4,50,000 റിയാൽ നഷ്ടപരിഹാരം വിധിച്ച് കോടതി. അപകടത്തിൽ കാൽ ഒടിയുകയും അതുവഴി ശാരീരികവും മാനസികവുമായ നഷ്ടങ്ങൾ നേരിടേണ്ടിവരികയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടർന്ന് പരാതിക്കാരന്, മൊത്തം നഷ്ടപരിഹാരമായി 4,50,000 റിയാൽ സംയുക്തമായി നൽകാൻ വാഹനമോടിച്ച ഡ്രൈവറോടും ഇൻഷുറൻസ് കമ്പനിയോടും നിർദ്ദേശിച്ച് കീഴ്ക്കോടതി വിധി പുറപ്പെടുവിക്കുകയും’ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡ് കോർട്ട്’ ഇത് ശരിവെയ്ക്കുകയുമായിരുന്നു.
ഒന്നാം പ്രതിയുടെ പിഴവ്, അശ്രദ്ധ, അമിതവേഗത, ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിലെ വീഴ്ച എന്നിവ മൂലം ഉണ്ടായ വാഹനാപകടത്തിൽ കാൽ ഒടിഞ്ഞതുൾപ്പെടെയുള്ള നഷ്ടങ്ങൾക്ക് ഒരു ദശലക്ഷം റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതിക്കാരൻ ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ നിക്ഷേപ-വാണിജ്യ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
അതേസമയം അപകടത്തിൽ ചെറിയ കുറ്റകൃത്യത്തിനുള്ള (misdemeanor) കേസിൽ ട്രാഫിക് കോടതി പ്രതിക്ക് 10,000 റിയാൽ പിഴ ചുമത്തിയിരുന്നു. പിന്നീട് അപ്പീലിലൂടെ ഈ പിഴത്തുക 5,000 റിയാലായി കുറച്ച് ഭേദഗതിയും വരുത്തി. അതിനിടെ വാദിക്ക് പരിക്കേൽക്കാൻ കാരണമായ അപകടം ഉണ്ടാക്കിയത് ഒന്നാം പ്രതിയാണെന്നും, വാഹനാപകടം മൂലമുണ്ടായ ശാരീരികവും ഭൗതികവുമായ നാശനഷ്ടങ്ങളുടെ പേരിൽ ഉണ്ടാകുന്ന സിവിൽ ബാധ്യത (നഷ്ടപരിഹാര ബാധ്യത) നിറവേറ്റാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്നും കോടതി വിധിച്ചു. കേസ് പരിഗണിച്ച കീഴ്ക്കോടതി പരിക്കേറ്റ വാദിക്ക് വാഹന ഡ്രൈവറും ഇൻഷുറൻസ് കമ്പനിയും ചേർന്ന് ആകെ 4,50,000 റിയാൽ നഷ്ടപരിഹാരമായി നൽകണമെന്ന് വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി ‘ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡ് കോടതി’യിൽ അപ്പീൽ നൽകുകയായിരുന്നു .
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
