ദോഹ: ഖത്തറിലും നെസ്‌ലെയുടെ കുട്ടികളുടെ പാല്‍ നിരോധിച്ചു. നെസ്ലെ ബ്രാന്‍ഡിന് കീഴില്‍ വിപണനം ചെയ്യുന്ന കുട്ടികളുടെ പാല്‍ ഉല്‍പന്നങ്ങളുടെ പ്രത്യേക ബാച്ചുകള്‍ ഉപയോഗിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) നിര്‍ദ്ദേശം നല്‍കി. ഉല്‍പ്പന്നങ്ങളില്‍ ബാസിലസ് സെറിയസ് ബാക്ടീരിയയുമായി ബന്ധപ്പെട്ട വിഷാംശം കലര്‍ന്നതായി സംശയം തോന്നിയതിനെത്തുടര്‍ന്നാണ് തീരുമാനം. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും നേരത്തെ ഉല്‍പ്പന്നം തിരിച്ചുവിളിച്ചിരുന്നു.
കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണമെന്നും യാതൊരുവിധ കാരണവശാലും കുട്ടികള്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ കൊടുക്കരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. നെസ്‌ലെയുടെ നാന്‍ സുപ്രീം പ്രോ, നാന്‍ പ്രൊ എന്നിവയാണ് നിരോധിച്ചത്. ബാധിക്കപ്പെട്ട ഉല്‍പ്പന്നങ്ങളും അവയുടെ ബാച്ച് നമ്പറുകളും ഉപദേശക സമിതി പുറത്തിറക്കിയ ഫോട്ടോയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും ഉപയോഗിക്കുന്നതിന് മുമ്പ് ഉല്‍പ്പന്ന നാമങ്ങളും ബാച്ച് വിവരങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണമെന്നും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
നിരോധിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഉപഭോക്താക്കള്‍ അവ ഉടന്‍ തന്നെ വില്‍പ്പന കേന്ദ്രങ്ങളിലേക്ക് തിരികെ നല്‍കുകയോ സുരക്ഷിതമായി നശിപ്പിക്കുകയോ ചെയ്യണമെന്നും ആരോഗ്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചു. അതേസമയം ബാധിച്ച ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട ഒരു രോഗവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
